കുണിയ (കാസര്‍കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള നൂറു പതാകകള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും ചൊവ്വാഴ്ച കാസര്‍ക്കോട്ടെത്തിക്കും. തിങ്കളാഴ്ച വൈകുന്നേരം വരക്കല്‍ മഖാമില്‍ നടന്ന പതാക കൈമാറ്റ ചടങ്ങ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള നൂറു പതാകളില്‍ മദീനയില്‍ നിന്ന് കൊണ്ടുവന്ന പതാക സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഏറ്റുവാങ്ങി. മദീനക്ക് പുറമേ സൗദിയിലെ മക്ക,യമന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, മലേഷ്യ, ലക്ഷദ്വീപ്, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും പുണ്യകേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവന്ന പതാകകള്‍ സമസ്തയുടെ ഭാരവാഹികളും സയ്യിദുമാരും ഏറ്റുവാങ്ങി.
രാവിലെ ഒമ്പതിന് വരക്കലില്‍ നിന്നും പുറപ്പെടുന്ന പതാകവാഹക യാത്ര വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് മാലിക് ദീനാര്‍ മഖാമിലെത്തും. 1963ല്‍ കാസര്‍കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് സമസ്ത പതാകക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത്. തളങ്കരയില്‍ വച്ച് നടന്ന സമസ്തയുടെ 22-ാം വാര്‍ഷിക സമ്മേളനത്തില്‍ പതാകയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. അതേ മണ്ണിലേക്ക് നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന് വേണ്ടി എത്തുന്ന പതാകകളെ വരവേല്‍ക്കാന്‍ സംസ്ഥാന ജില്ലാ സ്വീകരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വന്‍ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടത്ത് മാന്തളിര്‍ വര്‍ണത്തിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രക്കല, താഴെ പരന്നു കിടക്കുന്ന പച്ച, വലത്ത് തൂവെള്ള നിറത്തിനുള്ളില്‍ നീല വരകള്‍ കോറിയിട്ട മദീനയിലെ പച്ച ഖുബ്ബ ഇതാണ് ഇസ്ലാമിക പാരമ്പര്യത്തിന്റെ ആദര്‍ശ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സമസ്തയുടെ പതാക.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് 3,313 വിഖായ വളണ്ടിയര്‍മാര്‍ അണി നിരക്കുന്ന റൂട്ട് മാര്‍ച്ചിന്റെ അകമ്പടിയോടെ പതാകകള്‍ സമ്മേളനം നടക്കുന്ന കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്കെത്തിക്കും. തുടര്‍ന്ന് വൈകുന്നേരം നാലു മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ 100 പതാകകള്‍ ഉയര്‍ത്തും. കേരളീയ മുസ്ലിംകളെ വിദ്യാഭ്യാസ ആത്മീയ മുന്നേറ്റത്തിലേക്ക് വഴിനടത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജൈത്രയാത്രയുടെ ഒരു നൂറ്റാണ്ട് കാലത്തെ അടയാളപ്പെടുത്തലായിരിക്കും ഈപതാകകള്‍. അതോടെ അഞ്ചു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന സമ്മേളനം ആരംഭിക്കും. പതിനായിരം പ്രബോധകര്‍ക്കുള്ള ദാഇ പഠന ക്യാമ്പിനാണ് നാളെ പ്രത്യേകം തയാറാക്കിയ നഗരിയില്‍ തുടക്കമാവുക. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ജനറല്‍ ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത 33,313 അംഗങ്ങള്‍ സംബന്ധിക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പൊതുസമ്മേളനം നടക്കും.

Post a Comment
0 Comments