Type Here to Get Search Results !

Bottom Ad

സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങള്‍


കുണിയ: കേരളീയ സമൂഹം ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാരയാണ് സമസ്തയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിലൂടെയും വിശ്വാസത്തിലൂടെയുമുള്ള പ്രവര്‍ത്തനമാണ് സമസ്തയുടെ വിജയം. അതാണ് കാലങ്ങള്‍ കഴിഞ്ഞും സമസ്ത മുന്നോട്ടുപോകാനുള്ള കാരണം. വിനയത്തോടെ ജീവിക്കാനുള്ള തത്വമാണ് സമസ്ത പഠിപ്പിച്ചത്. സമസ്തയുടെ ഏറ്റവും വലിയ വിജയം വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. മദ്റസകള്‍ മുതല്‍ ഉന്നത സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയാണ് സമസ്ത കെട്ടിപ്പടുത്ത നേട്ടം. കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിലൂടെ പിറവിയെടുത്ത പണ്ഡിതര്‍ ലോകത്ത് ഏതു കോണിലും കാണും. ലോകത്തെ വിശ്രുത സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സമസ്തയുടെ സ്ഥാപനങ്ങളില്‍ നിന്നു പുറത്തിറങ്ങിയവരാണ്. ആ വഴി അത്ര സുന്ദരമായിരുന്നലെന്ന് പിറകോട്ട് തിരിഞ്ഞുനടന്നാല്‍ നമുക്ക് ബോധ്യപ്പെടും. അറിവും വിശ്വാസ സംഹിതയും കാലത്തിന് മായ്ക്കാന്‍ കഴിയില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തി. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖ പ്രഭാഷണം നടത്തി. കെയ്റോ ഇസ് ലാമിക് റിസേര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഈം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയായി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തി.

ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. സമസ്ത ഇ ലേണിങ് സ്മാര്‍ട്ട് മദ്റസാ ആപ്ലിക്കേഷന്‍, എസ്.വൈ.എസ് സ്മൈല്‍ വില്ലേജ് എന്നിവയുടെ ലോഞ്ചിങ് സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ സ്വാഗതസംഘം ട്രഷറര്‍ കുണിയ ഇബ്രാഹിം ഹാജിക്ക് പാണക്കാട് അബ്ബാസലി തങ്ങള്‍ ഉപഹാരം സമ്മാനിച്ചു. അന്‍വര്‍ സാദിഖ് ഫൈസി സമസ്ത ശതാബ്ദി സുവനീര്‍ പരിചയപ്പെടുത്തി. സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം അബ്ദുല്‍ മജീദ് ഹാജി കുറ്റിക്കോലിന് നല്‍കി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ചെങ്കള അബ്ദുല്ല ഫൈസി സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad