Type Here to Get Search Results !

Bottom Ad

ഉദുമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും


ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരേ യു.ഡി.എഫ് ഹൈക്കോടതിയില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്‍. ചന്ദ്രന്‍ നാലാംവാതുക്കല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. വരണാധികാരിയായ സുധീഷ് കുമാര്‍, ഉപവരണാധികാരിയും പഞ്ചായത്ത് സെക്രട്ടറിയുമായ ആദിത്യന്‍, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

ഉദുമയില്‍ യു.ഡി.എഫിന് 12-ഉം എല്‍.ഡി.എഫിന് 11ഉം സീറ്റുകളാണുള്ളത്. യു.ഡി.എഫ് എന്‍. ചന്ദ്രനെയും സി.പി.എം പി.വി രാജേന്ദ്രനെയും പ്രസിഡന്റ് സ്ഥാനാര്‍ഥികളാക്കി ഡിസംബര്‍ 27ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചന്ദ്രന്റെ വോട്ട് അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചിരുന്നു. ബാലറ്റ് പേപ്പറിന് പിറകില്‍ പേരും ഒപ്പും ഇല്ലെങ്കില്‍ വോട്ട് അസാധുവാകുമെന്നതാണ് ചട്ടമെന്നും ചന്ദ്രന്‍ പേര് മാത്രമേ എഴുതിയുള്ളൂവെന്നും പറഞ്ഞാണ് വോട്ട് അസാധുവാക്കിയത്. ഇതോടെ ഇരുമുന്നണിക്കും 11വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നുണ്ടായ നറുക്കെടുപ്പില്‍ സി.പി.എമ്മിലെ പി.വി രാജേന്ദ്രന്‍ പ്രസിഡന്‍ന്റായി.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തില്‍ 2005ലെ പ്രസിഡന്റു മായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ചാണ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലങ്കോട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് എട്ടും സീറ്റുകളായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ശാന്തുമുത്തു ബാലറ്റ് പേപ്പറിന്റെ പിറകില്‍ പേര് മാത്രമേ എഴുതിയുള്ളൂ. ഒപ്പിട്ടില്ല. ഇക്കാര്യം ഉപവരണാധികാരി അപ്പോള്‍ തന്നെ പറഞ്ഞു. എന്നാല്‍ അതു പ്രശ്‌നമല്ലെന്ന് വരണാധികാരി പറഞ്ഞു. അതോടെ വോട്ട് സാധുവാകുകയും യുഡിഎഫിന് ഭരണം കിട്ടുകയും ചെയ്തു. ഇതിനെതിരെ എല്‍ഡിഎഫ് ചിറ്റൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. ശാന്തുമുത്തുവിന്റെ വോട്ട് അസാധുവെന്നായിരുന്നു മുന്‍സിഫ് കോടതിയുടെ വിധി. അതോടെ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഏഴുവോട്ട് വീതമായി. മുന്‍സിഫ് കോടതി വിധിക്കെതിരെ യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ശാന്തു മുത്തുവിന്റെ വോട്ട് സാധുവാണെന്നായിരുന്നു ഹൈക്കോടതി വിധി. ബാലറ്റ് പേപ്പറിന്റെ പിറകില്‍ പേരെഴുതിയതിനാല്‍ ആ അംഗത്തിന്റെ ഐഡന്റിറ്റി വെളിപ്പെട്ടുവെന്നും ഒപ്പിട്ടില്ലെന്നത് വോട്ട് അസാധുവാകാനുള്ള കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad