Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടുകാര്‍ക്ക് മംഗളൂരു പോയിവരാന്‍ ഇനി 420 രൂപ ടോള്‍ കൊടുക്കണം; അനിശ്ചിതകാല സമരം രണ്ടാം നാളിലേക്ക്


കാസര്‍കോട്: വെറും 21.7 കിലോമീറ്ററിനകത്ത് രണ്ടു ടോള്‍ ഗേറ്റുകള്‍. യാത്രക്കാര്‍ നല്‍ക്കേണ്ടത് ഭീമന്‍ തുകയും. കാസര്‍കോട്ടു നിന്നും മംഗളൂരിലേക്ക് ഒരു തവണ സ്വകാര്യ കാറില്‍ പോകാന്‍ രണ്ടു ടോള്‍ ഗേറ്റുകളിലുമായി ജില്ലക്കാര്‍ നല്‍കേണ്ടത് 280 രൂപ ചുങ്കം.

യാത്ര തിരിച്ചുമായാല്‍ 420 രൂപ കൊടുക്കണം. കുമ്പളയില്‍നിന്ന് 40 കിലോ മീറ്റര്‍ മാത്രം അകലെയുള്ള മംഗളൂരുവിലേക്ക് പോകാനാണ് ഇത്രയും തുക ടോള്‍ ആയി നല്‍കേണ്ടിവരുന്നത്. സ്വകാര്യ കാറുകള്‍ക്കു മാത്രമല്ല, മറ്റു വാഹനങ്ങള്‍ക്കും കൂടുതല്‍ തുക കൊടുത്തുവേണം ഇനി മംഗളൂരുവിലെത്താന്‍.

കാസര്‍കോട് നിന്നും മംഗളൂരുവിലേക്കു പോകണമെങ്കില്‍ ഫാസ്റ്റ് ടാഗ് വഴി സ്വകാര്യ കാറിന് ആരിക്കാടിയിലെ കുമ്പള ടോള്‍ ബൂത്തില്‍ ഒരുവശത്തേക്ക് 85രൂപയും തലപ്പാടിയില്‍ 55 രൂപയുമായി ആകെ 140രൂപ നല്‍കണം. ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴിയാണെങ്കില്‍ 175 രൂപയായും നേരിട്ടു തുകയായി നല്‍കുമ്പോള്‍ ഇതു 280 രൂപയായും ഉയരും. മടക്കയാത്രയ്ക്കു കൂടി ഒന്നിച്ചാണ് ടോള്‍ അടയ്ക്കുന്നതെങ്കില്‍ 210 രൂപ നല്‍കണം. അതു ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴിയാണെങ്കില്‍ 262.50 രൂപയായും നേരിട്ടു തുകയായി നല്‍കുമ്പോള്‍ ഇതു 420 രൂപയായും ഉയരും.

ദേശീയ പാതയില്‍ ദൂരപരിധി പാലിക്കാതെയുള്ള ടോള്‍ പിരിവിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയരുന്നതിനിടെയില്‍ തിങ്കളാഴ്ചയാണ് ആരിക്കാടിയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ ഗേറ്റിനെതിരെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവു നേടിയിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്ന് അതോറിറ്റിക്ക് അനുകൂലമായ വിധി ഉണ്ടായി. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. സിംഗിള്‍ ബെഞ്ചിനോട് കേസ് വീണ്ടും പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഈ സമയത്ത് ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകന്‍ ആരിക്കാടി ടോള്‍ പ്ലാസ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തല്‍ക്കാലം ടോള്‍ പിരിവ് നടത്തില്ലെന്നും കഴിഞ്ഞ നവംബറില്‍ കോടതിയെ അറിയിച്ചിരുന്നു. അതിനുശേഷം കേസ് കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ടോള്‍ പിരിവ് നടത്തില്ലെന്ന് അറിയിച്ചശേഷം ഇപ്പോള്‍ അതു ലംഘിച്ചതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മിറ്റി.

മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടിയില്‍ കാസര്‍കോട് ഡി.സി.സി പ്രസിഡന്റ്് പികെ ഫൈസല്‍ പ്രതിക്ഷേധം രേഖപ്പെടുത്തി. ടോള്‍ പിരിവ് സംബന്ധിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുമ്പോള്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി ടോള്‍ പ്രവര്‍ത്തനം തുടങ്ങിയതിനെതിരെ നടത്തുന്ന ജനകീയ സമരത്തിന് ശക്തമായ പിന്തുണ അറിയിക്കുന്നതായും ഡിസിസി പ്രസിഡന്റ്് പി.കെ ഫൈസല്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad