Type Here to Get Search Results !

Bottom Ad

വിജ്ഞാനവും കൗതുകവും പകര്‍ന്ന് സമസ്ത ഗ്ലോബല്‍ എക്‌സ്‌പോക്ക് പ്രൗഢ തുടക്കം


കുണിയ: കാഴ്ചക്കാര്‍ക്ക് വിജ്ഞാനവും കൗതുകവും പകര്‍ന്ന് സമസ്ത ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് കുണിയയില്‍ പ്രൗഢ തുടക്കം. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇതിഹാസോജ്വലമായ നൂറുവര്‍ഷത്തെ പൈതൃകമാണ് സമസ്തയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത നൂറുവര്‍ഷമാണ് സമസ്തയുടെ ചരിത്രം. കേരളത്തില്‍ മാത്രമല്ല, ലോകത്ത് ഇസ് ലാമിക രാജ്യങ്ങളിലും അല്ലാത്ത രാജ്യങ്ങളിലും സമസ്തയെ ഉറ്റുനോക്കുകയാണ്. സമഭാവനയോടെ പ്രവര്‍ത്തിച്ച ചരിത്രമാണ് സമസ്തയ്ക്ക്. നിലപാടുള്ള നേതൃത്വമാണ് സമസ്തയ്ക്കുള്ളതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ഖാദര്‍ ഖാസിമി അധ്യക്ഷനായി. എകസ്പോ തീം ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുസലാം ദാരിമി ആലംപാടി, ഉസ്മാന്‍ ഫൈസി തോടാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, സമസ്ത സമ്മേളന കോര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എക്സ്പോ ചീഫ് അഡൈ്വസര്‍ എസ്.വി മുഹമ്മദലി, എക്സ്പോ ചെയര്‍മാന്‍ ഹാഷിം ദാരിമി ദേലംപാടി, വര്‍ക്കിങ് കണ്‍വീനര്‍ അബ്ദുല്‍ഹക്കീം ഫൈസി തോട്ടര സംസാരിച്ചു.

സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് കുണിയയിലെ അഞ്ചര ഏക്കര്‍ സ്ഥലത്ത് നടക്കുന്ന എക്‌സ്‌പോയില്‍ ഇന്നും നാളെയും സ്ത്രീകള്‍ക്കും രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കുമാണ് പ്രവേശനം. വിശാലമായ 10 പവലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറില്‍ എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി വരെ അന്തര്‍ ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനല്‍ ഡിസ്‌കഷനുകളും അരങ്ങേറും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad