Type Here to Get Search Results !

Bottom Ad

കുമ്പള ടോള്‍ ബൂത്തില്‍ പൊലീസ് നരനായാട്ട്: സ്റ്റേഷന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം


കുമ്പള: ആരിക്കാടി ടോള്‍ പ്ലാസയില്‍ യാത്രക്കാരനായ യുവാവിനോടും കുടുംബത്തോടും ക്രൂരമായി പെരുമാറിയ കുമ്പള സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. നിയമം സംരക്ഷിക്കേണ്ട പോലീസ് ടോള്‍ കമ്പനിയുടെ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് ജനാധിപത്യത്തിന് ലജ്ജാകരമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി അഡ്വ. സുബ്ബയ്യ റൈ പറഞ്ഞു.

കഴിഞ്ഞ ദിവസം ആരിക്കാടി ടോളില്‍ വെച്ച് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിയമാനുസൃതമായി ടോള്‍ നല്‍കി യാത്ര ചെയ്ത കുടുംബത്തെ തടഞ്ഞുനിര്‍ത്തുകയും പ്രായമായ സ്ത്രീയെയും കൈക്കുഞ്ഞിനെയും കടുത്ത വെയിലത്ത് നടുറോഡില്‍ ഇറക്കിവിട്ട് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്ത സി.ഐയുടെ നടപടി പൊലീസിന്റെ ക്രൂരമുഖമാണ് വെളിപ്പെടുത്തുന്നത്. ടോള്‍ ബൂത്തില്‍ കാറിന് മുകളില്‍ ബാരിക്കേഡ് വീണതുമായി ബന്ധപ്പെട്ട് ജീവനക്കാരോട് മാന്യമായി സംസാരിച്ച യുവാവിനെ പരസ്യമായി അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത് അധികാര ദുരുപയോഗമാണെന്ന് നേതാക്കള്‍ ആരോപിച്ചു. കോടതി വിധികളെ പോലും ലംഘിച്ച സി.ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

സംഭവത്തിന് നേതൃത്വം നല്‍കിയ കുമ്പള സി.ഐയെ അടിയന്തരമായി അന്വേഷണവിധേയമായി സസ്‌പെന്റ്് ചെയ്യണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ തുടരുന്നതെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ അസീസ് മരിക്ക അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ് ആല്‍വ, ജെ.എസ് സോമശേഖര, യു.കെ. സൈഫുള്ള തങ്ങള്‍, എ.കെ. ആരിഫ്, അഷ്‌റഫ് കര്‍ള, ലക്ഷ്മണ പ്രഭു, ലോക്‌നാഥ് ഷെട്ടി, വി.പി. അബ്ദുല്‍ കാദര്‍, സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, അബ്ദുള്ള മാദേരി, ടി.എം. ശുഹൈബ്, പൃഥ്വിരാജ് ഷെട്ടി, യു.പി. താഹിറ യൂസുഫ് സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad