തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ നമ്മൾ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. ജോലിത്തിരക്കോ വിനോദങ്ങളോ കാരണം ഉറക്കം കുറയ്ക്കുന്നവർ ഒരു കാര്യം ഓർക്കുക: നിങ്ങൾ പണയപ്പെടുത്തുന്നത് നിങ്ങളുടെ ആയുസ്സാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ മാത്രം ദീർഘായുസ്സ് ലഭിക്കുമെന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായാണ് പുതിയ പഠനങ്ങൾ രംഗത്തുവരുന്നത്. ഉറക്കത്തെ അവഗണിച്ചാൽ ശരീരം അതിന് വലിയ വില നൽകേണ്ടി വരും.
ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അമേരിക്കയിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ വിവരങ്ങൾ വിശകലനം ചെയ്ത് 'സ്ലീപ് അഡ്വാൻസ്സ്' (Sleep Advances) എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ദിവസവും ഏഴ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിൽ ആയുർദൈർഘ്യം ഗണ്യമായി കുറയുന്നു എന്നാണ് കണ്ടെത്തൽ.
ഭക്ഷണക്രമം, വ്യായാമം, സാമൂഹികമായ ഒറ്റപ്പെടലുകൾ എന്നിവയെക്കാളൊക്കെ ഉപരിയായി ഉറക്കം ഒരാളുടെ ആയുർദൈർഘ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പുകവലി കഴിഞ്ഞാൽ മരണസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമായി ഉറക്കക്കുറവ് മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.
Post a Comment
0 Comments