Type Here to Get Search Results !

Bottom Ad

ഇനി ഡയപ്പര്‍ മാലിന്യവും ശേഖരിക്കും; സംസ്‌കരിക്കാന്‍ വഴിയൊരുക്കി കാസര്‍കോട് നഗരസഭ


കാസര്‍കോട്: ഡയപ്പറും നാപ്കിനും ഉള്‍പ്പടെയുള്ള സാനിറ്ററി മാലിന്യം സംസ്‌കരിക്കാന്‍ വഴിയൊരുക്കി കാസര്‍കോട് നഗരസഭ. ഇതിനായി സുസ്ഥിര മാലിന്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്രി ആപ്പുമായി നഗരസഭ കൈകോര്‍ത്തു. ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആക്രിയുടെ വാഹനം വീടുകളിലേക്കെത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അറിയിച്ചു.

നഗരസഭാ പരിധിയില്‍ 39 വാര്‍ഡുകളിലായി പതിനഞ്ചായിരത്തോളം വീടുകളുണ്ടെന്നാണ് കണക്ക്. മാലിന്യം നല്‍കുന്നതിന് ആക്രി ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ബയോമെഡിക്കല്‍ വിഭാഗത്തിലാണ് ബുക്ക് ചെയ്യേണ്ടത്. ബുക്കിങ് തിയതികളില്‍ മാലിന്യം ശേഖരിക്കുന്നതിന് ആളുകള്‍ വീടുകളിലെത്തും. ഓരോതരം മാലിന്യവും നിക്ഷേപിക്കുന്നതിന് വ്യത്യസ്ത നിറത്തിലുള്ള സഞ്ചികള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. മാലിന്യമെടുക്കുമ്പോള്‍ തൂക്കത്തിന് അനുസരിച്ച് പ്രത്യേക നിരക്കും നല്‍കണം. ഇങ്ങിനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എറണാകുളം അമ്പലമുകളിലുള്ള കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (കെ .ഇ.ഐ.എല്‍) ലേക്കെത്തിച്ചാണ് സംസ്‌കരിക്കുക.

മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, മറ്റു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8031405048 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad