Type Here to Get Search Results !

Bottom Ad

വിവാദ പരാമർശം; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ


തിരുവനന്തപുരം: കടുത്ത വിമര്‍ശനത്തിന് പിന്നാലെ വര്‍ഗീയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തെറ്റിദ്ധരിച്ചുവെന്നത് തന്നെ വേദിനപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഖേദപ്രകടനം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ നിര്‍ദ്ദേശ പ്രകാരമാണിത്. എന്നാൽ പ്രസ്താവന കൊണ്ട് പ്രശ്നം തീരില്ലെന്നും സജിയെ സിപിഎം പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വര്‍ഗീയ ധ്രുവീകരണം അറിയാൻ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കാൻ പറഞ്ഞ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കനത്ത പ്രതിഷേധവും കടുത്ത വിമര്‍ശനവുമാണ് ഉയര്‍ന്നത്. വര്‍ഗീയ പ്രസ്താവന സിപിഎം അനുകൂലികളെ പോലും ഞെട്ടിച്ചു. എന്നിട്ടും മന്ത്രി തിരുത്താത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിലും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സജിയെ തിരുത്താത്തത് എന്തെന്ന് സംശയങ്ങളും ഉയര്‍ന്നു. സജിയുടെ വാക്കുകള്‍ ബൂമാറങ്ങായതോടെയാണ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാൻ പാര്‍ട്ടിയും മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചത്.

മൂന്ന് ദിവസം കഴിഞ്ഞാണ് പ്രസ്താവന മന്ത്രി സജി ചെറിയാൻ പിന്‍വലിക്കുന്നത്. തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് വാര്‍ത്താക്കുറിപ്പിൽ സജിയുടെ വാദം. ഒരു വിഭാഗത്തിനെതിരെ താൻ പറഞ്ഞെന്ന പ്രചാരണമുണ്ടായി. തന്‍റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയിൽ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല. 42 വര്‍ഷത്തെ പൊതു ജീവിതം ഒരു വര്‍ഗീയതയോടെയും സമരസപ്പെട്ടല്ല കടന്നു പോയത്.

വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്‍റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ച് തന്‍റെ ഉദ്ദേശ്യശുദ്ധിയെ മനസില്ലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad