കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് 74.89 ശതമാനം. ജില്ലയിലെ ആകെ 1112190 വോട്ടര്‍മാരില്‍ 832894 പേര്‍ വോട്ട് രേഖപ്പെടുത്തി. 375788 പുരുഷ വോട്ടര്‍മാരും 456572 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറും വോട്ട് രേഖപ്പെടുത്തിയവരിലുണ്ട്. രാത്രി 11 മണിവരെയുള്ള കണക്കാണിത്.
2020-ല്‍ കോവിഡ് മഹാമാരി സമയത്ത് നടന്ന തിരഞ്ഞെടുപ്പുകളേക്കാള്‍ കുറവാണ് ഈ പോളിംഗ് ശതമാനം. അന്ന് 77.24 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ് ശതമാനം. സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലെയും വോട്ടിംഗ് ശതമാനം 2020നെക്കാള്‍ കുറവാണ്. ജില്ലയിലും സമാനവിധത്തില്‍ കുറവുണ്ടായെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് അന്തിമ കണക്കുകളില്‍ നേരിയ വ്യത്യാസമുണ്ടായേക്കാം.
നഗരസഭകളില്‍ കാസര്‍കോട് 67.87 ശതമാനവും കാഞ്ഞങ്ങാട് 74.52 ശതമാനവും നീലേശ്വരത്ത് 78.36 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം 80.36%, കാഞ്ഞങ്ങാട് 75.62%, പരപ്പ 75.81%, കാറഡുക്ക 79.1%, കാസര്‍കോട് 71.78%, മഞ്ചേശ്വരം 71.46% എന്നിങ്ങനെയാണ് പോളിംഗ് നില. പഞ്ചായത്തുകളിലും മിക്കയിടത്തും 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. അതേസമയം, വോട്ടിംഗ് ശതമാനം കുറഞ്ഞാലും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വോട്ടുകള്‍ പൂര്‍ണമായി പെട്ടിയിലാക്കാനായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

Post a Comment
0 Comments