കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ കലോത്സവത്തിനിടെ അവതരണം തടഞ്ഞ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ ഇന്ന് വീണ്ടും വേദിയിലെത്തും. അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം ഷോയാണ് വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഉച്ചക്ക് 12നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ടു അധ്യാപകരേയും മാറ്റി നിര്‍ത്തിയായിരിക്കും അവതരണം. അതേസമയം, നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞിരുന്നു.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലോത്സവ വേദിയില്‍ കുട്ടികള്‍ മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ ഇന്നലെയാണ് കുമ്പള ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ കലോത്സവം നിര്‍ത്തിവച്ചത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം ഷോ അവസാനിക്കും മുമ്പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിവാദമായതോടെ കലോത്സവം മാറ്റിവക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവ മത്സരയിനമായ മൈം ഷോയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രതിഷേധവുമായെത്തി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
അതേസമയം, മൈം അവതരണം തടഞ്ഞ അധ്യാപകരിലൊരാള്‍ ഭരണാനുകൂല സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘ പരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശിയ അധ്യാപക പരിഷത്ത് അംഗമാണെന്നുമാണ് പുറത്തുവരുന്ന വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ച് കോല്‍ക്കളി നടത്തിയ വിദ്യാര്‍ഥികളെ വേദിയില്‍ നിന്ന് ഇറക്കിവിട്ടായിരുന്നു അവതരണ നിഷേധം. അഞ്ചരക്കണ്ടി ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഫലസ്തീന്‍ അനുകൂല കോല്‍ക്കളിക്ക് വിലക്കുണ്ടായത്. പ്രിന്‍സിപ്പലും അധ്യാപകരും വേദിയിലെത്തി കോല്‍ക്കളി തടയുകയായിരുന്നു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ടീഷര്‍ട്ടണിഞ്ഞാണ് വിദ്യാര്‍ഥികള്‍ കോല്‍ക്കളിക്കായി എത്തിയത്. ഇതേതുടര്‍ന്ന് ഹയര്‍സെക്കന്ററി വിഭാഗം
കോല്‍ക്കളിക്ക് അവതരണം നിഷേധിക്കുകയായിരുന്നു.

Post a Comment
0 Comments