Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ചു; 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് നിര്‍ദ്ദേശം


കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കോള്‍ഡ്രിഫിന്റെ വിതരണവും വില്‍പ്പനയും നിര്‍ത്തിവെപ്പിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കോള്‍ഡ്രിഫ് എന്ന ചുമ സിറപ്പ് സംശയനിഴലിലായതോടെ കോള്‍ഡ്രിഫിന്റെ വില്‍പ്പന തമിഴ്‌നാട് സര്‍ക്കാര്‍ ഒക്ടോബര്‍ ഒന്നിന് നിരോധിക്കുകയും വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലേയും നടപടി.

സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കോള്‍ഡ്രിഫിന്റെ വിതരണവും വില്‍പ്പനയും നിര്‍ത്തിവെപ്പിച്ചത്. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.

കേരളത്തില്‍ എട്ടു വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ ഡി.ജി.എച്ച്.സിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുതെന്ന നിര്‍ദേശവും ഉണ്ട്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad