കാസര്‍കോട്: സി.പി.എം നേതാവ് മകളെ വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതായി പരാതി. സി.പി.എം ഉദുമ ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്‌കരന്റെ മകളാണ് ഗുരുതര പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നു. ഒരു രഹസ്യ ഫോണ്‍ ഉപയോഗിച്ച് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് യുവതി തന്റെ ദുരിതം വിളിച്ചുപറഞ്ഞത്. വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന സംഗീത വീട്ടില്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റില്‍മെന്റ് തുക മുഴുവന്‍ പിതാവും സഹോദരനും ചേര്‍ന്ന് കൈക്കലാക്കിയെന്നും അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
'കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല,' താന്‍ പറയുന്നത് കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ കൊല്ലുമെന്നും അതില്‍ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ടെന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ടെന്നും 'പോയി ചാകാന്‍' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
നേരത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നതെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതിയില്‍ ഈ ഹര്‍ജി നിലനിന്നില്ല. താന്‍ തടങ്കലിലാണെന്ന വിവരം പൊലീസിനോട് പറയാന്‍ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു.
പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവര്‍ പറയുന്നു. തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്.പി.ക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യര്‍ത്ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്നും പീഡനത്തില്‍ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം.

Post a Comment
0 Comments