Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഒരു ബ്ലോക്ക് നാലുമാസത്തിനകം; എന്‍ഡോസള്‍ഫാന്‍ സ്പെഷ്യാലിറ്റി സെന്റര്‍ തുടങ്ങും


കാസര്‍കോട്: കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്ക് ഇതു ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ പുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാസര്‍കോട് എന്താ കേരളത്തില്‍ അല്ലേ? ഇവിടെ എന്ന് മെഡിക്കല്‍ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസര്‍കോട് നിന്ന് കേട്ട ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂര്‍ത്തമെന്ന് മന്ത്രി പറഞ്ഞു.

കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഒരു ബ്ലോക്ക് നാലു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി കേരളത്തില്‍ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്പെഷ്യാലിറ്റി സെന്ററില്‍ ഫിസിയോ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി സൗകര്യങ്ങള്‍ കൂടി ഒരുക്കും.

കാസര്‍കോട്, വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ കൂടി അനുവദിച്ചതോടെ മുഴുവന്‍ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനം മാറിയെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകാരം ലഭിക്കാന്‍ മാനദണ്ഡങ്ങള്‍ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അതു നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. 2013ല്‍ സ്ഥലം കൈമാറി. കാസര്‍കോട് 2016 ല്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മുഴുവന്‍ ആളുകളോടും മന്ത്രി നന്ദി പറഞ്ഞു.

2020ല്‍ കോവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ നിശ്ചയ ദാര്‍ഡ്യത്തില്‍ അക്കാദമിക് ബ്ളോക്കില്‍ കോവിഡ് ആശുപത്രിയാക്കി. 273 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. നിലവില്‍ കിഫ്ബിയില്‍ നിന്ന് 160 കോടി അനുവദിച്ചു. ലാബ് സെറ്റ് ചെയ്യാന്‍ കാസര്‍കോട് വികസന പാക്കേജില്‍ തുക അനുവദിച്ചു.ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച കാത്ത് ലാബില്‍ ഇത് വരെ 1837 പ്രൊസീഡ്യറുകള്‍ നടന്നു എന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട് എന്നും വൈകാതെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കും എന്നും മന്ത്രി പറഞ്ഞു. പഠനത്തില്‍ ശ്രദ്ധ കൊടുത്ത് ഭാവിയില്‍ മികച്ച ഡോക്ടര്‍മാരായി നമ്മുടെ സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിലകൊള്ളമെന്ന് അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളോട് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ എം.പി ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു , എ.കെ.എം.അഷ്റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂര്‍, കെ.ഡി.പി സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, വാര്‍ഡ് മെമ്പര്‍ ജ്യോതി, നിര്‍മിതി കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ രാജ്‌മോഹന്‍, കാസര്‍കോട് ഡി.എം. ഒ ഡോ.എ.വി രാം ദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ബി. സന്തോഷ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് എം. ശ്രീകുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആര്‍. പ്രവീണ്‍, കാസര്‍കോട് മെഡിക്കല്‍ കോളേജ് പി.ടി.എ. സെക്രട്ടറി പി. ശാലിനി കൃഷ്ണന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി.എസ്. ശോഭ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഹരിഹരന്‍ നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ. സുബൈര്‍, വി. രാജന്‍, പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ.കെ. ശ്രീകാന്ത്, എം.അബ്ദുല്‍ ഗഫൂര്‍, വി.കെ. രമേശന്‍, ഉമ്മര്‍ പെര്‍ളടുക്ക, എ. സന്തോഷ്, ബി.എം. അബ്ദുല്‍ ഹമീദ്, എന്‍. നന്ദകുമാര്‍, സിദ്ധീഖ് കൈക്കമ്പ, അഹമ്മദലി കുമ്പള, സി. സജി സെബാസ്റ്റ്യന്‍, പി.ടി. ഉമേഷ്, സി.എം.എ. ജലീല്‍, കിറ്റ്കോ കണ്‍സള്‍ട്ടന്റ് ജോസ് ടോം, യു.എല്‍.സി.സി.എല്‍ ഡയറക്ടര്‍ പി. സുരേഷ്, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുഹമ്മദ് സയ്യിദ്, പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജഗദീഷ്, കെട്ടിട വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.വി. പ്രകാശന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് പങ്കെടുത്തു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ഗവ: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.എസ് ഇന്ദു നന്ദിയും പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad