കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ചില സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ അബ്ദുറഹ്മാന്‍. പതിമൂന്ന് വര്‍ഷം മുമ്പ് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് ഒമ്പത് വര്‍ഷം ഭരിച്ചിട്ടും പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ കിടക്കുമ്പോള്‍ അവിടേക്ക് തിരിഞ്ഞ് നോക്കാനും കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയില്‍ 2018ല്‍ മുഖ്യമന്ത്രി തന്നെ തറകല്ലിട്ട കെട്ടിടം പാതിവഴിയിലായത് പോലും സന്ദര്‍ശിക്കാന്‍ തയാറാകാതെയും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയത് കാസര്‍കോട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അബ്ദുറഹ്്മാന്‍ പറഞ്ഞു.
കോവിഡ് കാലത്ത് മതിയായ ചികിത്സ ലഭിക്കാതെ ജനങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ തദ്ദേശവാസികളായ ആരോഗ്യ സംരക്ഷക പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പണിതീര്‍ത്ത ആശുപത്രി കഴിഞ്ഞ വര്‍ഷം കാസര്‍കോട് നഗരത്തിലെത്തിയ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങിയതും നാട്ടുകാര്‍ മറന്നിട്ടില്ല. സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി വിലക്കിയതിനാലാണ് നിശ്ചയിച്ച പരിപാടിയില്‍ നിന്ന് ആരോഗ്യ മന്ത്രി വിട്ടുനിന്നതെന്നാണ് അന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. നാട്ടുകാരായ ചില സംരംഭകര്‍ ആരംഭിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യെരുതെന്ന് നിര്‍ദേശിച്ച പാര്‍ട്ടി മുഖ്യമന്ത്രിയെ വിലക്കാത്തതെന്തെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ ആശുപത്രികളെ നോക്കുകുത്തികളാക്കി വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള നടത്താന്‍ അവരുടെ ബ്രാന്റ് അംബാസഡര്‍മാരായി ഭരണകര്‍ത്താക്കള്‍ മാറുന്നത് അപകടകരമായ അവസ്ഥയാണ്. ഇക്കാര്യത്തില്‍ സി.പി.എം നയം വ്യക്തമാക്കണമെന്നും എ. അബ്ദുറഹ്്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments