കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കോളജില്‍ 50 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ഈവര്‍ഷം പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികള്‍ 22 മുതല്‍ എത്തി തുടങ്ങും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു.
ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താല്‍ക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണ സൗകര്യമൊരുക്കാന്‍ മെഡിക്കല്‍ കോളജില്‍ മിനി കഫെറ്റേരിയ ആരംഭിക്കും. കാമ്പസിനകത്ത് നിര്‍മാണം പൂര്‍ത്തിയായ ഹോസ്റ്റലില്‍ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി കൂടി നടക്കാനുണ്ട്.
കാമ്പസില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി യോഗത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജിലേക്കും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്റ് വരെയുള്ള പൊതു ഗതാഗത സൗകര്യം വിലയിരുത്തി കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 24ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ബസ്സ് ഓണേഴ്‌സ് ക്യാബ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം ചേരും.
ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ രണ്ട് ഹരിതകര്‍മ്മസേനാംഗങ്ങളെ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരമായി മെഡിക്കല്‍ കോളജിലേക്ക് ചുമതലപ്പെടുത്തും. കാമ്പസില്‍ മിനി എം.സി.എഫ്, വേസ്റ്റ് ബിന്നുകള്‍, തുമ്പൂര്‍മുഴി മാതൃക മാലിന്യനിര്‍മാര്‍ജന സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ക്കും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാധന്‍ ഓണ്‍ലൈനായി പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ഡി.എം.ഇ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പ്രേമലത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ് ഇന്ദു, മെഡിക്കല്‍ കോളജ് സൂപ്രന്റ്് ഡോ. പ്രവീണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ടി.ജി, പി.ടി.എ സെക്രട്ടറി ഡോ. ശാലിനി കൃഷ്ണന്‍, എല്‍.എസ്.ജി.ഡി ജോയിന്റ്് ഡയറക്ടര്‍ ഷൈനി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. രാജേഷ്, ജില്ലാ നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇപി രാജ്‌മോഹന്‍, കിറ്റ്‌കോ പ്രതിനിധി ടോം ജോസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ രതീഷ് പങ്കെടുത്തു.

Post a Comment
0 Comments