Type Here to Get Search Results !

Bottom Ad

മുളന്തുരുത്ത് പച്ചത്തുരുത്തിന് ഒന്നാം സ്ഥാനം; ചെമ്മനാട് പഞ്ചായത്തിന് പുരസ്‌കാരത്തിളക്കം


കോളിയടുക്കം: നവകേരളം കര്‍മപദ്ധതി- ഹരിത കേരളം മിഷന്‍ ജില്ലാതലത്തില്‍ മികച്ച പച്ചതുരുത്തുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ജില്ലയില്‍ ഒന്നാംസ്ഥാനം നേടി ചെമ്മനാട് പഞ്ചായത്ത്. പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കുന്നുപാറ പ്രദേശത്തെ മുളന്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്. ഈമാസം 16ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.

നിരവധി കാവുകളും പച്ചതുരുത്തുകളും പഞ്ചായത്തിനകത്ത് സംരക്ഷിച്ച് വരുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 12-ാം വാര്‍ഡിലെ കുന്നുപാറ എന്ന സ്ഥലത്ത് ആറു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച മുളന്തുരുത്ത്. 2019-20 വര്‍ഷത്തില്‍ ബാംബൂ ക്യാപിറ്റല്‍ ഓഫ് കേരള എന്ന പദ്ധതി പ്രകാരം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളയെ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈപദ്ധതി ആരംഭിച്ചത്. 1500ലധികം മുളതൈകള്‍ പദ്ധതിയുടെ ഭാഗമായി നടുകയുണ്ടായി.

മണ്ണു കുറഞ്ഞതും ചെങ്കല്ല് പാറകള്‍ നിറഞ്ഞതുമായ പരിസ്ഥിതി സംരക്ഷണത്തിനും മുളയുടെ വളര്‍ച്ചയ്ക്കും അനുയോജ്യമായ പ്രദേശമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ ദേളി കുന്നുപറ പ്രദേശത്ത് കല്ലട്ര മാഹിന്‍ ഹാജിയുടെ ഉടമസ്ഥതയില്‍ ഉള്ള വര്‍ഷങ്ങളോളം തരിശായി കിടന്ന പാറപ്രദേശം ഇതിനായി കണ്ടെത്തിയാണ് പദ്ധതി ആരംഭിച്ചത്.

ചെമ്മനാട് പഞ്ചായത്തിലെ മുളന്തുരുത്ത് പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും മികവു കൊണ്ട് ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും ആകര്‍ഷമായ പച്ചത്തുരുത്തായി രൂപാന്തരപ്പെടുകയും പരിസ്ഥിതി നിലനില്‍പ്പിനും ജൈവ വൈവിധ്യത്തിനും സഹായകമായ ഒരു മിനി മുളവനം സൃഷ്ടിക്കപ്പട്ടിരിക്കുകയുമാണ്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മുളന്തുരുത്ത് സംരക്ഷിക്കപ്പെടുകയും പരിസ്ഥിതി നിലനില്‍പ്പിനും ജൈവവൈവിധ്യത്തിനും സഹായകമായ രീതിയില്‍ മണ്ണിന്റെ നിലവാരം മെച്ചപ്പെടുന്നതിനും സമീ പ്രദേശങ്ങളില്‍ മഴവെള്ളം സംഭരണം, ഹരിത കവര്‍ വര്‍ദ്ധന, ജൈവവൈവിധ്യ വളര്‍ച്ച തുടങ്ങിയവും പദ്ധതി പ്രകാരം സാധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad