Type Here to Get Search Results !

Bottom Ad

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ക്ലാസില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിച്ച് പ്രിന്‍സിപ്പല്‍


ഛണ്ഡീഗഢ്: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനു നേരെ കൊടുംക്രൂരത. കുട്ടിയെ ക്ലാസിലെ ജനലില്‍ തലകീഴായി കെട്ടിത്തൂക്കി സ്‌കൂള്‍ ഡ്രൈവറെ കൊണ്ട് തല്ലിച്ച് പ്രിന്‍സിപ്പല്‍. ഹരിയാന പാനിപ്പത്തിലെ ജടല്‍ റോഡിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. കുട്ടിയെ ജനലില്‍ കെട്ടിത്തൂക്കി മര്‍ദിക്കുന്നതിന്റെയും മറ്റു ചില കുട്ടികളെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുഖിജ കോളനിയില്‍ താമസിക്കുന്ന ഏഴു വയസുള്ള കുട്ടിയെ അടുത്തിടെയാണ് ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് അമ്മ ഡോളി പറഞ്ഞു. കുട്ടിയെ ശിക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ റീന ഡ്രൈവര്‍ അജയ്യോട് പറഞ്ഞെന്നും തുടര്‍ന്ന് അയാള്‍ മര്‍ദിച്ചെന്നും അമ്മ വ്യക്തമാക്കി. അജയ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും വീഡിയോകോള്‍ വിളിച്ച് ഇത് സുഹൃത്തുക്കളെ കാണിക്കുകയും വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതു കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെയാണ് സ്‌കൂളിലെ ക്രൂരത പുറത്തറിയുന്നത്.

മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പ്രിന്‍സിപ്പല്‍ റീന ചെറിയ കുട്ടികളെ തല്ലുന്നതാണ് പുറത്തുവന്ന മറ്റൊരു വീഡിയോ. ചില കുട്ടികളെ വിളിച്ചുവരുത്തി മുഖത്തടക്കം പലവട്ടം ശക്തിയായി അടിക്കുന്നത് വീഡിയോയിലുണ്ട്. കുട്ടികള്‍ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും പറഞ്ഞ് പ്രിന്‍സിപ്പല്‍ തന്റെ ക്രൂരതയെ ന്യായീകരിച്ചു. അധ്യാപിക വിദ്യാര്‍ഥികളെ പലപ്പോഴും ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad