Type Here to Get Search Results !

Bottom Ad

എം.ഐ.സി ദാറുല്‍ ഇര്‍ശാദ് സില്‍വര്‍ ജൂബിലി സമാപനം ഡിസംബര്‍ 12,13,14ന്; ലോഗോ പ്രകാശനം സാദിഖലി തങ്ങള്‍ നടത്തി


ഉദുമ: സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പ്പി സി.എം ഉസ്താദിന്റെ സ്വപ്‌നസാക്ഷാത്കാരമായ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി, 25 വര്‍ഷത്തെ വിദ്യാഭ്യാസ സേവനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 12, 13, 14ന് സില്‍വര്‍ ജൂബിലി സമാപന സമ്മേളനം സംഘടിപ്പിക്കുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ജില്ലയിലെ ആദ്യ അഫിലിയേറ്റഡ് സ്ഥാപനമായ അക്കാദമി, വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളര്‍ച്ചയുടെ പ്രതീകമായി മാറിയിട്ടുണ്ട്.

സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ജനറല്‍ കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.കെ. ലത്തീഫ് പടിഞ്ഞാര്‍, ട്രഷറര്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി എന്നിവര്‍ ചേര്‍ന്ന് വാര്‍ത്താകുറിപ്പിലൂടെ നടത്തി. സമ്മേളന പോസ്റ്റര്‍ ആഗസ്റ്റ് 25ന് എം.ഐ.സി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്യും. ജൂബിലി ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജിക്ക് നല്‍കി നിര്‍വഹിച്ചു.

വിദ്യാഭ്യാസ, മത, സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനം, പൂര്‍വ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബഹുജനങ്ങളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു ഓര്‍മപ്പതിപ്പായി മാറും. സമാപന മഹാസമ്മേളനത്തില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുറഹ്്മാന്‍ മൗലവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വിവിധ സെമിനാറുകള്‍, പഠനക്ലാസുകള്‍, മതപ്രഭാഷണം, പ്രാര്‍ഥനാ സദസ്, പുരസ്‌കാര വിതരണങ്ങള്‍ എന്നിവയിലൂടെ അക്കാദമിയുടെ 25 വര്‍ഷത്തെ യാത്ര ആഘോഷിക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad