കാഞ്ഞങ്ങാട്: മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ മഹല്ലുകളില്‍ പ്രശാന്തത നിലനിര്‍ത്തി മുന്നോട്ടുപോയിരുന്ന പാരസ്പര്യത്തിന്റെ കടക്കല്‍ കത്തിവെക്കത്തക്കവിധം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ക്കിടയിലുണ്ടായിരിക്കുന്ന അഭിപ്രായ അന്തരങ്ങളും അതുയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങളും മഹല്ലുകളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുംവിധം വളര്‍ന്നുവരുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതായും അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും പ്രസിഡന്റ്് ഇന്‍ചാര്‍ജ് മുബാറക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.
മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരാ മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന ബന്ധം, രണ്ട് സഹോദര സംഘടനകള്‍ തമ്മിലുള്ള ബന്ധം പോലെ ഊഷ്മളമായിരുന്നു. അതു തകര്‍ത്ത് സമൂഹത്തില്‍ സംഘര്‍ഷം വിതറാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ മുസ്ലിം സമുദായത്തിന്റെ ശത്രുക്കളാണെന്ന കാര്യത്തില്‍ സംശയമില്ല.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഖാസി ആദരണീയരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കൂടിയായതുകൊണ്ട് തങ്ങള്‍ നേതൃത്വം നല്‍കുന്ന സംഘടനക്ക് അകത്തു നിന്നുകൊണ്ട് ഇത്തരം സംഘര്‍ഷങ്ങള്‍ വിതറാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിച്ചും സമുദായത്തിന്റെ ഐക്യം വീണ്ടെടുക്കാന്‍ ആവശ്യമായ വിധത്തില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുമായും സംഘടനകളുമായും ആശയവിനിമയം ശക്തിപ്പെടുത്തിയും ഈ പ്രതിസന്ധിയില്‍ നിന്ന് സമുദായത്തെ കരകയറ്റാന്‍ തങ്ങള്‍ നേതൃത്വപരമായ പങ്കുവഹിക്കണമെന്നും ആത്മാര്‍ഥമായ അത്തരം ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അനുസ്യൂതമായി നടന്നുവരുന്നുണ്ടെങ്കിലും പൂര്‍ണമായ രീതിയില്‍ വ്യവസ്താധിഷ്ഠിത തീരുമാനങ്ങളിലേക്ക് എത്താത്തത് സമുദായത്തില്‍ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമഗ്രമായ ചര്‍ച്ചകളിലൂടെ സമുദായത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകസമിതി യോഗം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമേയത്തില്‍ പറഞ്ഞ ആശങ്കകള്‍ക്ക് മറുപടിയായി, നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു എന്നും ഉടനെ പരിഹാരം ഉണ്ടാക്കുമെന്നും തങ്ങള്‍ ഉറപ്പുനല്‍കി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. മുന്‍ സെക്രട്ടറി എം മൊയ്തു മൗലവി പുഞ്ചാവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ശരീഫ് എഞ്ചിനീയര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ കെ. അബ്ദുറഹ്്മാന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ട്രഷറര്‍ എംകെ അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ജാതിയില്‍ ഹസൈനാര്‍, പി കെ അബ്ദുള്ളക്കുഞ്ഞി, സെക്രട്ടറിമാരായ റഷീദ് തോയമ്മല്‍, അബൂബക്കര്‍, അംഗ മഹല്ലുകളില്‍ നിന്നുള്ള പ്രവര്‍ത്തകസമിതി അംഗങ്ങള്‍ സംബന്ധിച്ചു.

Post a Comment
0 Comments