തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവില്‍വരിക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു. അതിനാല്‍ ഡിസംബര്‍ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നടത്തിവരുന്നത്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി.
14 ജില്ല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇതിന്റെ കരട് റിപ്പോര്‍ട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ ചെയര്‍മാന്‍ എ. ഷാജഹാന്‍ അറിയിച്ചു. 14 ജില്ലാ പഞ്ചായത്തുകളിലായി 15 വാര്‍ഡുകളാണ് വര്‍ധിക്കുക. നിലവിലെ 331 വാര്‍ഡുകള്‍ 346 ആയി വര്‍ധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 187 വാര്‍ഡുകളാണ് ഇവിടെ കൂടിയത്. ആകെ വാര്‍ഡുകള്‍ 2080ല്‍നിന്ന് 2267 ആയി വര്‍ധിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് 17,337 ആയാണ് കൂടിയത്. 1375 വാര്‍ഡുകളാണ് കൂടിയത്. 87 മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകള്‍ പുതുതായി നിലവില്‍വന്നു. 3113ല്‍നിന്ന് 3241 ആയി ഇതു വര്‍ധിച്ചു. ആറു കോര്‍പറേഷനുകളില്‍ ഏഴു വാര്‍ഡുകളും കൂടി. 414ല്‍ നിന്ന് 421 ആയാണ് വര്‍ധിച്ചത്.വോട്ടര്‍പട്ടിക പുതുക്കലും വേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പഞ്ചായത്ത് തലത്തിലെ ഒരുപോളിങ് ബൂത്തില്‍ 1300 വോട്ടര്‍മാരും കോര്‍പറേഷനില്‍ 1600 വോട്ടര്‍മാരുമാണുള്ളത്. സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനും കള്ളവോട്ട് തടയാനുമായി വോട്ടര്‍മാരുടെ എണ്ണം 1100 ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, വോട്ടര്‍മാരുടെ എണ്ണം കുറച്ചാല്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഇത് അധിക ചെലവാകുമെന്നുമാണ് കമീഷന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും

Post a Comment
0 Comments