Type Here to Get Search Results !

Bottom Ad

വൊര്‍ക്കാടിയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ മകന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു


കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. മൃതദേഹം വീട്ടിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തിനു ശേഷം അയല്‍വാസിയും ബന്ധുവുമായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൊര്‍ക്കാടി, നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരയുടെ ഭാര്യ ഹില്‍ഡ മൊന്തേരോ (60)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ വിക്ടറിന്റെ ഭാര്യ ലൊളിത (30)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മകന്‍ മെല്‍വിന്‍ മൊന്തേരൊയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ മെല്‍വിനും മാതാവ് ഹില്‍ഡയും മാത്രമാണ് വീട്ടില്‍ താമസം. മറ്റൊരു മകന്‍ അല്‍വിന്‍ മൊന്തേരോ ഗള്‍ഫിലാണ്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു മാതാവ് ഹില്‍ഡ. 

ഇതിനിടയില്‍ മകന്‍ മാതാവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞാണ് ബന്ധുവായ ലൊളിതയെ മെല്‍വിന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീടിനകത്ത് കയറിയ ഉടന്‍ ലൊളിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം മെല്‍വിന്‍ വീട്ടില്‍ കടന്നു കളയുകയായിരുന്നുവെന്നു പറയുന്നു. ലൊളിതയുടെ നിലവിളി കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടയില്‍ മെല്‍വിന്‍ മൊന്തേരോ സ്ഥലം വിട്ടിരുന്നു. ഇയാള്‍ ബസില്‍ കയറി മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad