ആദൂര്‍: അഡൂര്‍ സഞ്ചക്കടവില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍ ഗ്യാസ് ഏജന്‍സി ഗോഡൗണില്‍ സൂക്ഷിച്ച നാലു സിലിണ്ടറുകള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. ആലംപാടി റഹ്മാനിയ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എ ജാസിര്‍ (40) ആണ് അറസ്റ്റിലായത്. ഗ്യാസ് ഏജന്‍സി ഉടമയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയുമായ റാഫി അഡൂര്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ നിരീക്ഷണങ്ങള്‍ക്കും ആസൂത്രണത്തിനുമൊടുവിലാണ് പ്രതി പിടിയിലായത്.
മെയ് നാല് ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ചക്കടവിലെ ഗോഡൗണില്‍ കവര്‍ച്ച നടന്നത്. പുറത്തെ സി.സി.ടി.വി ക്യാമറകള്‍ മറച്ചാണ് കവര്‍ച്ച നടത്തിയത്. പിറ്റേന്ന് ഗ്യാസ് സിലിണ്ടറുകളുടെ എണ്ണത്തില്‍ കുറവ് കണ്ടതോടെ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ക്യാമറയില്‍ ഒന്നില്‍ ഒരു കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ നമ്പര്‍ വ്യക്തമായി കണ്ടില്ല. ഇതോടെ റാഫി മറ്റുപല ക്യാമറകളും പരിശോധിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. അതിനിടെ ഗ്യാസ് സിലിണ്ടറുകള്‍ വില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വിവരങ്ങള്‍ കൈമാറി. 10 ദിവസം കഴിഞ്ഞ് നെല്ലിക്കട്ടയിലെ ഒരു കടയില്‍ ജാസിര്‍ സിലിണ്ടര്‍ വില്‍ക്കാനെത്തി. കടയുടമ സിലിണ്ടര്‍ വാങ്ങുകയും നമ്പര്‍ വാങ്ങി റാഫിയെ വിവരമറിയിക്കുകയും ചെയ്തു. ഇവിടുത്തെ സി.സി.ടി.വിയില്‍ പതിഞ്ഞ കാര്‍ നേരത്തെ കണ്ട കാറാണെന്ന് വ്യക്തമായി.
തുടര്‍ന്ന് റാഫി കടയുടമ നല്‍കിയ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ജാസിറാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. പിന്നീട് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് ജാസിര്‍ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നതായി അറിയുകയും റാഫി നമ്പര്‍ സംഘടിപ്പിക്കുകയും വിളിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ഗ്യാസ് സിലിണ്ടര്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് മുള്ളേരിയ കര്‍മംതൊടിയിലേക്ക് വിളിപ്പിക്കുകയും സിലിണ്ടറുമായെത്തിയ ജാസിറിനെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ആദൂര്‍ പൊലീസിന് കൈമാറി. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കാസര്‍കോട്ടെ ഗ്യാസ് ഏജന്‍സി കടയില്‍ വിതരണക്കാരനായി ജോലി ചെയ്തിരുന്ന ജാസിറിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാസിറിനെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments