ഉപ്പള: മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ നിരവധി കേസുകള്‍ നിലവിലുള്ള കര്‍ണ്ണാടകയിലെ തീവ്ര വര്‍ഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോര്‍ക്കാടിയില്‍ നടന്ന ഒരു പരിപാടിക്കിടെ വാളും കത്തിയും ഉയര്‍ത്തിക്കാട്ടാനും ഓരോ ഹിന്ദുവും വീട്ടില്‍ വാള്‍ കരുതണമെന്നുമൊക്കെയുള്ള തീവ്രവാദ പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു എകെഎം അഷ്റഫ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും കത്ത് നല്‍കി.കാസറഗോട്ടും പ്രത്യേകിച്ച് മഞ്ചേശ്വരത്തെയും സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം അങ്ങേയറ്റം വര്‍ഗ്ഗീയ പരമായ പ്രസംഗം നടത്തിയത് എന്ന് എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടി,ഇതിന് പിന്നിലുള്ള ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗളൂരുവിലെ അറിയപ്പെടുന്ന സംഘപരിവാര്‍ നേതാവായ കല്ലഡ്ക പ്രഭാകര്‍ ഭട്ടാണ് വോര്‍ക്കാടി ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയില്‍ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു ഇയാളുടെ വാക്കുകള്‍. യാതൊരുവിധ പ്രകോപനുവുമില്ലാത്തിടത്ത് ഹൈന്ദവവിശ്വാസികള്‍ വാള്‍ ഉയര്‍ത്തിക്കാണിക്കണം. ഓരോരുത്തരും വീട്ടില്‍ വാള്‍ കരുതണം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വാള്‍ ഒപ്പം കൊണ്ടുപോകണം. മക്കളുടെ വാനിറ്റി ബാഗില്‍ കത്തിയും കരുതണം. കത്തി കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമില്ല,തുടങ്ങിയ അക്രമണ പ്രോത്സാഹനങ്ങള്‍ നടത്തിയ വ്യക്തിക്കെതിരെ ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.ആര്‍എസ്എസുകാര്‍ കാസറഗോട്ടെ പള്ളിയില്‍ കയറി ഒരു മൗലവിയെ കൊലപ്പെടുത്തിയിട്ടും പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയും വര്‍ഗ്ഗീയ ലഹളക്ക് ശ്രമിച്ചപ്പോഴും ആ കെണിയില്‍ വീഴാതെ തിരിച്ചടികള്‍ ഉണ്ടാകാത്ത നിലയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട്ട് വീണ്ടും വീണ്ടും ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രഭാകര ഭട്ടിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എകെഎം അഷ്റഫ്.എംഎല്‍എ പറഞ്ഞു.

Post a Comment
0 Comments