കാസര്‍കോട്: കുമ്പള പൊലീസിന്റെ വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായി നിര്‍ത്തിയിട്ട കാറില്‍ നിന്നും 21.05ഗ്രാം എം.ഡി.എം.എയുമായി നാലുപേര്‍ പിടിയിലായി. ഉപ്പള കോടിബയല്‍ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (33), കാസര്‍കോട് അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സാലി (49), മംഗല്‍പാടി സോങ്കാല്‍ സ്വദേശി മൂസ ഷഫീഖ് (30), അടുക്കത്ത്ബയല്‍ സ്വദേശി മുഹമ്മദ് സവാദ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. കൂടല്‍മാര്‍ക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാര്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെടുകയും പൊലീസിനെ കണ്ട് പ്രതികള്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വാഹനം കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സംഘം ശ്രമകരമായി നാലു പേരെയും പിടികൂടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ നിന്നും കവറുകളില്‍ സൂക്ഷിച്ച നിലയില്‍ 21.05ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കുമ്പള സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീജേഷ്, എ.എസ്.ഐ ബി.എല്‍ മനോജ്, എസ്.സി.പി.ഒ ചന്ദ്രന്‍, സി.പി.ഒ ശരത്ത്, അജീഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അടുത്തകാലത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ജില്ല പൊലീസ് 'സേഫ് കാസര്‍കോട്' എന്ന പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ടീം അംഗങ്ങളാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാന്‍ നിരന്തരം പരിശോധനകള്‍ നടത്തിവരുന്നത്.
Post a Comment
0 Comments