Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയുടെ പുതിയ കോണ്‍ഫറന്‍സ് ഹാളിന് ചെയര്‍മാന്‍ അബ്ബാസ് ബീഗം തറക്കല്ലിട്ടു


കാസര്‍കോട്: കാസര്‍കോട് പുലിക്കുന്നില്‍ നഗരസഭ നിര്‍മിക്കുന്ന ആധുനിക രീതിയിലുള്ള പുതിയ കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. തറക്കല്ലിടല്‍ കര്‍മം ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു. കാസര്‍കോട് നഗരത്തിന്റെ സാംസ്‌കാരിക മുഖമായി അറിയപ്പെടുന്ന നിലവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം 75 ലക്ഷം രൂപയോളം ചെലവില്‍ 2700 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും താഴത്തെ നിലയില്‍ അഞ്ചു കടമുറികളും ഉണ്ടാവും.

നഗരസഭക്ക് തനതു ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് ഹാളും കടമുറികളും നിര്‍മിക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. 200ഓളം ഇരിപ്പിടം ഉള്‍ക്കൊള്ളുന്ന ഹാള്‍ മനോഹരമായി സജ്ജീകരിക്കും. ഹാളിലേക്ക് റാംപ് സംവിധാനവും ഒരുക്കും. കാസര്‍കോട് നഗരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ക്കടക്കം ഇപ്പോള്‍ ഏറെ പേരും ഉപയോഗപ്പെടുത്തുന്നത് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളാണ്. ഏതാണ്ട് മിക്ക ദിവസവും കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യപ്പെടുന്നു. ഈസാഹചര്യത്തിലാണ് സമീപത്ത് തന്നെ പുതിയൊരു ഹാള്‍ നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനിച്ചതെന്ന് അബ്ബാസ് ബീഗം അറിയിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ഡി.വി അബ്ദുല്‍ ജലീല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad