പള്ളിക്കര: പള്ളിപ്പുഴ മുഹ്‌യുദ്ധീന്‍ മുസ്‌ലിം ജമാഅത്തിലും മഹല്ലിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷം ഉണ്ടാക്കുന്നതിന് ബോധപൂര്‍വം ശ്രമിച്ച ഷൗക്കത്ത് അലി പൂച്ചക്കാട്, കോട്ടപ്പുറത്തെ എന്‍.പി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പള്ളിപ്പുഴയിലെ മുനീറിന്റെ പരാതിയിലാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. 2021-23 വര്‍ഷത്തില്‍ മഹല്ലിലെ കണക്കുമായി ബന്ധപ്പെട്ടു മജീദ് എന്നായാളുടെ പരാതിയെ തുടര്‍ന്ന് കേരള വഖഫ് ബോര്‍ ഡിലെ നിലവിലെ കേസുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് മുന്‍ ജീവനക്കാരനും കോട്ടപ്പുറം സ്വദേശിയുമായ എന്‍.പി അബ്ദുല്‍ ജബ്ബാറിനെ കണക്കുകള്‍ അന്വേഷിക്കുന്നതിനായി ഓഡിറ്ററായി നിയമിച്ചിരുന്നു.
ഓഡിറ്റ് ചെയ്യാന്‍ വന്നിരുന്നുവെങ്കിലും, ഓഡിറ്റ് ചെയ്യുന്നതിന്റ പ്രയോഗിക ബുദ്ധിമുട്ടുകള്‍ കാണിച്ച് വഖഫ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു അബ്ദുല്‍ ജബ്ബാര്‍. പിന്നീട് അന്വേഷിക്കാന്‍ മറ്റൊരു ഓഡിറ്ററെ വഖഫ് ബോര്‍ഡ് നിയമിച്ചതുമില്ല. പള്ളി കമ്മിറ്റിയുടെ കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നതിനെ സംബന്ധിച്ച കേസ് വഖഫ് ബോര്‍ഡ് പരിഗണനയിലാണ്. ഇതിനിടയില്‍ മുന്‍ ഓഡിറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ ജനുവരി 25ന് രാവിലെ 10.30ന് പള്ളിയില്‍ എത്തുകയും അവിടെ ലോക്കറില്‍ സൂക്ഷിച്ച മഹല്ല് കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ് നിലവിലെ കമ്മിറ്റി ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ച് ലോക്കര്‍ തുറന്ന് രേഖകള്‍ എടുക്കുകയുണ്ടായി. രഹസ്യമായി രേഖകള്‍ എടുക്കുന്ന കാര്യം പ്രദേശത്തുകാര്‍ മനസിലാക്കി.
2021-23 വര്‍ഷത്തെ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പി.കെ കുഞ്ഞബ്ദുള്ള അബ്ദുല്‍ ജബാറിനോട് വഖഫ് ബോര്‍ഡ് അധികാരപ്പെടുത്തിയ അധികാര പത്രം ആവശ്യപ്പെട്ടപ്പോള്‍ ഒരു രേഖയുമില്ലെന്നും ചെയ്തത് തെറ്റായിപ്പോയെന്നും എഴുതി നല്‍കുകയായിരുന്നു. ഓഡിറ്റിന്റെ പ്രയോഗിക ബുദ്ധിമുട്ട് കാണിച്ചു ഒഴിവായ അബ്ദുല്‍ ജബ്ബാറിനെ പൂച്ചക്കാട്ടെ ഷൗക്കത്തലി പണവും വാഗ്ദാനവും മറ്റു പ്രേരണയും നല്‍കി ഒപ്പിച്ചെടുക്കുകയായിരുന്നു. അന്നേ ഷൗക്കത്തലി ജബ്ബാറിനെ പല തവണ ഫോണ്‍ വിളിച്ചതായി പൊലീസിന് രേഖകള്‍ ലഭിച്ചു. ഈദിവസം ഷൗക്കത്തലി പള്ളിക്കര പെട്രോള്‍ പമ്പിനടുത്തുള്ള ചായക്കടയില്‍ പള്ളിപ്പുഴ പള്ളിയില്‍ ഓഡിറ്റര്‍ വരുന്നുണ്ടെന്നും പള്ളിയില്‍ അടി നടക്കുമെന്നും ചായക്കടയിലുള്ളവരോട് പറഞ്ഞിരുന്നുവെന്ന് കടയുടമ അബൂബക്കര്‍ പറഞ്ഞു. പൂച്ചക്കാട് ഷൗക്കത്തിന്റ ഒത്താശയോടെ പള്ളിയിലെ ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ മോഷ്ടിച്ച് കൊണ്ടുപോയതും മഹല്ല് നിവാസികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനുമുള്ള ഇവരുടെ നീക്കത്തിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Post a Comment
0 Comments