മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂര്‍ സ്വദേശിനി തീര്‍ഥ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് എ.കെ.എം അഷ്‌റഫ് എം.എല്‍.എ. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ എം.എല്‍.എ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ തീര്‍ഥയുടെ വീട് സന്ദര്‍ശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
വീട്ടിലെത്തിയ എം.എല്‍.എ ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ആവശ്യപ്പെടുകയുമായിരുന്നു. ഇളവു നല്‍കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ബാക്കിയാവുന്ന ബാധ്യത എത്ര തന്നെയാണെങ്കിലും അത് മുഴുവന്‍ താന്‍ അടച്ചുതീര്‍ക്കുമെന്നും നിങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകില്ലെന്നും എം.എല്‍.എ കുടുംബത്തോട അറിയിച്ചു കുടുംബത്തെ ആശ്വസിച്ചാണ് എം.എല്‍.എ തീര്‍ത്ഥയുടെ വീട്ടില്‍ നിന്ന് മടങ്ങിയത്. ഈഅടുത്താണ് വീട് പ്ലാസ്റ്ററിംഗ് നടത്തിയത്. രണ്ടര ലക്ഷം രൂപയായിരുന്നു തീര്‍ത്തയുടെ കുടുംബം കേരള ഗ്രാമീണ ബാങ്ക് ബാളിയൂര്‍ ശാഖയില്‍ നിന്ന് വായ്പ്പ എടുത്തത്. നിലവില്‍ ആറുലക്ഷം രൂപയായിരുന്നു.
കഴിഞ്ഞ ദിവസമാണ് മീഞ്ച പഞ്ചായത്തിലെ ബാളിയൂറിലെ തീര്‍ഥയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ലേലത്തില്‍ വച്ചിട്ടുള്ളതായി അറിയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് വീടിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് തുടര്‍ന്ന് മുഖ്യമന്ത്രി, കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിനിടയിലാണ് എം.എല്‍.എ ദുരിതബാധിതയുടെ വീട് സന്ദര്‍ശിച്ച് കടബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചത്. എം.എല്‍.എയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും നന്ദിയോടെ സ്മരിക്കുമെന്നും കുടുംബം പ്രതികരിച്ചു.
Post a Comment
0 Comments