കാസര്‍കോട്: സൗജന്യമായി വീട്ടിലേക്ക് ഓട്ടോയില്‍ കൊണ്ടുവിടാത്ത വിരോധത്തില്‍ ഡ്രൈവറെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍. കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ കോയിപ്പാടി, കുണ്ടങ്കേരടുക്കയിലെ സതീശ (52)യാണ് അക്രമത്തിനു ഇരയായത്. തലയില്‍ സാരമായി പരിക്കേറ്റ ഇയാള്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോയിപ്പാടി വില്ലേജിലെ ഫാറൂഖിനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്.
15ന് സന്ധ്യയ്ക്ക് കുമ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. സതീശന്റെ ഓട്ടോയ്ക്കു സമീപത്തെത്തിയ ഫാറൂഖ് തന്നെ സൗജന്യമായി വീട്ടില്‍ കൊണ്ടു വിടണമെന്നു ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു കഴിയില്ലെന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ സോഡാകുപ്പി കൊണ്ട് സതീശന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വീണ്ടും അടിക്കാനുള്ള ശ്രമത്തില്‍ നിന്നു ഒഴിഞ്ഞു മാറിയതിനാല്‍ ആണ് ജീവാപായം ഒഴിവായതെന്നു പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയായ ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുമ്പള, പേരാല്‍, പൊട്ടോരിയിലെ അബ്ദുല്‍ സലാമിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കസ്റ്റഡിയിലായ ഫാറൂഖ് എന്ന് പൊലീസ് പറഞ്ഞു. ഈ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ പൂര്‍ത്തിയായി. വിധി പറയുന്ന ദിവസം നിശ്ചയിക്കുന്നതിനായി കേസ് ഡിസംബര്‍ 19ന് പരിഗണിക്കാനിരിക്കവെയാണ് ഓട്ടോ ഡ്രൈവര്‍ക്കു നേരെ അക്രമം നടത്തിയ കേസില്‍ ഫാറൂഖ് പിടിയിലായത്.
Post a Comment
0 Comments