വിലങ്ങണിഞ്ഞ കുറ്റവാളി ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നു. പിന്നില്‍, ഹെൽമറ്റ് വച്ച പോലീസും. ഹെല്‍മറ്റില്ലാതെ ഒരു തുണി കൊണ്ട് ശരീരം പുതച്ച് ബൈക്ക് ഓടിക്കുന്നയാളെ വീഡിയോയില്‍ കാണാം. ഇയാളുടെ കൈകള്‍ ഒരു കയറ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നു. അതിന്‍റെ ഒരറ്റമാകട്ടെ പിന്നിലിരിക്കുന്ന പോലീസുകാരന്‍റെ കൈകളിലാണ്. പോലീസുകാരന്‍ നിയമം പാലിച്ച് ഹെല്‍മറ്റൊക്കെ ധരിച്ചാണ് ഇരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ തന്നെ 'നോക്ക് ഇതാണ് യുപി' എന്ന് പറയുന്നത് കേള്‍ക്കാം. വീഡിയോ എക്സില്‍ പങ്കുവച്ച് കൊണ്ട്, 'ഉത്തര്‍പ്രദേശിലെ പോലീസ് ശരിക്കും വലിയ ഞെട്ടലിലാണെ'ന്ന് ജേണലിസ്റ്റായ പ്രിയ സിംഗ് എഴുതി. ഒപ്പം, പോലീസുകാരന്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തെന്നും അതിന് ശേഷം അയാളെ വിലങ്ങ് അണിയിച്ച് ബൈക്കിന് മുന്നിലിരുത്തി, തണുപ്പൊഴിവാക്കാനായി സ്വയം പിന്നിലെ സീറ്റിലേക്ക് മാറിയെന്നും സംഭവം ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നാണെന്നും കൂട്ടിചേര്‍ത്തു. യുപി പോലീസ് ഇതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്നും പ്രിയ എഴുതുന്നു.
പോലീസ് തന്നെ നിയമം ലംഘിച്ചത് തെളിവോടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഉണര്‍ന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലുമായി. നിരവധി പേര്‍ പോലീസിനെതിരെ കുറിപ്പുകളെഴുതിയതോടെ യുപി പോലീസും അന്വേഷണവുമായി രംഗത്തെത്തി. സംഭവം ഭൗൻഗാവ് പോലീസ് സ്റ്റേഷന് കീഴിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൗൻഗാവ് ഏരിയ ഓഫീസർ സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മെയിൻപുരി പൊലീസ് അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment
0 Comments