കോളിയടുക്കം: ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര സുസ്ഥിര സമ്മേളനത്തില്‍ ശ്രദ്ധനേടി ചെമ്മനാട് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയും. പഞ്ചായത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കിയ 'നല്ല വീട്' 'നല്ല നല്ല നാട്' 'ചേലോടെ ചെമ്മനാട്' പദ്ധതിയെക്കുറിച്ചുള്ള താരതമ്യ പഠനമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേന വഴി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി പഞ്ചായത്തിന് സാമ്പത്തിക ബാധ്യതവരാതെ സുസ്ഥിരമായ രീതിയില്‍ പദ്ധതി നടപ്പിലാക്കിയതായിരുന്നു ചെമ്മനാടിന്റെ പ്രത്യേകത. മുഴുവന്‍ ഹരിത കര്‍മസേന അംഗങ്ങളും ചേര്‍ന്ന് നിശ്ചിത ദിവസം ഓരോ വാര്‍ഡുകളിലേയും മാലിന്യം നീക്കുന്ന പ്രവര്‍ത്തിയാണിത്. മൂന്നുവര്‍ഷമായി പഞ്ചായത്തിന്റെ അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഗ്രീന്‍ വോംസിന്റെ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ ശ്രീരാഗ് കുറുവാട്ടാണ് സമ്മേളനത്തില്‍ പങ്കെടുത്ത് പദ്ധതി അവതരണം നടത്തിയത്.
'ജനകീയ വിജയം'
പഞ്ചായത്തിലെ ജനങ്ങള്‍ നല്‍കിയ സഹകരണമാണ് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര സുസ്ഥിര സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പഠനവിധേയമായത്. പഞ്ചായത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു. ഇതിലൂടെ 'നല്ല വീട്' 'നല്ല നാട്' 'ചേലോട് ചെമ്മനാട്' ജനകീയ വിജയം കൈവരിച്ചിരിക്കുകയാണ്.
-സുഫൈജ അബൂബക്കര്‍
പ്രസിഡന്റ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത്
Post a Comment
0 Comments