പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികൾക്ക് നാടൊന്നാകെ വിടനൽകി. അവസാന യാത്രയിലും അവർ ഒരുമിച്ചായിരുന്നു. ഉള്ളുലക്കുന്ന കാഴ്ചയാണ് പൊതുദർശനത്തിൽ കാണാൻ കഴിഞ്ഞത്. സങ്കടം അടക്കാനാകാതെ സഹപാഠികളും വിദ്യാർത്ഥികളും അധ്യാപകരും ബന്ധുക്കളും എല്ലാം ഒന്നാകെ വിതുമ്പി. തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചാണ് നാല് കുട്ടികളുടെയും സംസ്കാരം. പാണക്കാട് തങ്ങളുടെ നേതൃത്തത്തിലാണ് മൃതസംസ്കാര ചടങ്ങുകൾ.
പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ശേഷം മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചു. വൻ ജനാവലിയാണ് പെൺകുട്ടികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ എത്തിയത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകളാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍- സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക് -സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
Post a Comment
0 Comments