കാസര്‍കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന് എപ്പോഴും മലബാറിനോട് അയിത്തമാണെന്നും പ്ലസ് വണ്‍ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതില്‍ നിരന്തരമായി മലബാറിനോട് കാണിക്കുന്ന അവഗണന ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. എസ്.എസ്.എല്‍.സിക്ക് ശേഷം തുടര്‍പഠനത്തിന് അര്‍ഹത നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കാന്‍ പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് മലബാറില്‍ പത്താം ക്ലാസ് പാസായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിന് തുടര്‍പഠനം നടത്താന്‍ കഴിയാതെ പെരുവഴിയില്‍ നില്‍ക്കുന്നത്.നിരന്തരമായി ഈപ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ ബാറുകള്‍ തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യത്തിന്റ നൂറില്‍ ഒന്നുപോലും മലബാറിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ ബാച്ചുകള്‍ തുടങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൊണ്ടുവന്ന ഏക പരിഷ്‌കാരം പെണ്‍കുട്ടികളുടെ വേഷത്തില്‍ മാറ്റംകൊണ്ട് വരിക എന്നുള്ളതാണ്. ആണ്‍കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും വേഷം മാറ്റിയുള്ള ജെന്റര്‍ കണ്‍ഫ്യൂഷനല്ല കേരളത്തിലെ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ക്ക് പഠിക്കാനുള്ള അവസരങ്ങളാണ് വേണ്ടത്. പ്ലസ് വണ്‍ പഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് ആവശ്യമായ അധിക ബാച്ചുകള്‍ അനുവദിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീന്‍ കെ.കെ, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ ചേരൂര്‍, കെ.പി മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ഖാലിദ് ബിലാല്‍ പാഷ, അന്‍വര്‍ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവന്‍ രാജു, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ: പി.എ ഫൈസല്‍ പ്രസംഗിച്ചു.
Post a Comment
0 Comments