കാസര്‍കോട്: സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയില്‍ നിന്ന് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീശന്‍ തട്ടിയെടുത്ത 4.76 കോടി രൂപയില്‍ നിന്ന് ഒരു കോടിയോളം രൂപ ബംഗ്‌ളുരുവിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. 60 ലക്ഷം, 40 ലക്ഷം എന്നിങ്ങനെ രണ്ട് തവണയായാണ് പണം അയച്ചത്. സത്താര്‍ എന്ന് പേരുള്ള ഒരാള്‍ക്കാണ് പണം ലഭിച്ചത്. ഇയാള്‍ ആരാണെന്നോ, രതീശനുമായി എന്തു ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നോ വ്യക്തമല്ല. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ് പൊലീസ്. അതേ സമയം, രതീശന് ബംഗ്‌ളൂരുവില്‍ രണ്ട് ഫ്‌ളാറ്റുകള്‍ ഉള്ളതായി സൂചനയുണ്ട്. ഇതേ കുറിച്ചും അന്വേഷണം തുടരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ കാണാതായ കെ. രതീശനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ബംഗ്‌ളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രതീശന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ബംഗ്‌ളൂരുവിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അവിടെയെത്തി. അതിന് മുമ്പെ തന്നെ പൊലീസിന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ രതീശന്‍ ഹാസനിലേക്ക് കടന്നു. പൊലീസ് അവിടേക്കും പിന്തുടര്‍ന്നെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ 4.76 കോടി രൂപ തട്ടിപ്പ് നടത്തിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി ഷിബു പാപ്പച്ചനാണ് അന്വേഷണച്ചുമതല.
Post a Comment
0 Comments