കാസര്‍കോട്: നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ഉടമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കമ്പനിയുടെ ഡയറക്ടര്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ ചക്രപാണിക്കെതിരെയാണ് കാസര്‍കോട് സ്വദേശി ബി ഫാത്തിമയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
കാസര്‍കോട് പ്രസ് ക്ലബ് ജന്‍ക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ അടച്ച പണം തിരിച്ച് ഏതുസമയവും എടുക്കാമെന്ന് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി 16 മുതല്‍ 2023 ഡിസംബര്‍ 14 വരെ നിക്ഷേപിച്ച 1,99,900 രൂപ തിരിച്ചുനല്‍കാതെ വഞ്ചന കാട്ടിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ചക്രപാണി, കമ്പനി മാനജര്‍ രജനി എന്നിവര്‍ക്കെതിരെ ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മധൂര്‍ സ്വദേശി സാബ് ഇശാഖിന്റെ പരാതിയിലാണ് ശനിയാഴ്ച രാഹുല്‍ ചക്രപാണിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. സാബ് ഇശാഖിന് 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ നിക്ഷേപിച്ച വകയില്‍ 2,94,000 രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ബന്തടുക്കയിലെ ഒരു വീട്ടില്‍ എത്തിയ രാഹുല്‍ ചക്രപാണിയെ ബന്തടുക്കയിലെ നിക്ഷേപകരാണ് സമ്മര്‍ദം ചെലുത്തി സ്റ്റേഷനില്‍ എത്തിച്ചത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി 15 ശാഖകളാണു കമ്പനിക്ക് ഉണ്ടായിരുന്നത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്നാണ് പറയുന്നത്. കാസര്‍കോട് പഴയ പ്രസ് ക്ലബ് പരിസരത്തെ കമ്പനി ഓഫീസ് 2023 ഡിസംബറില്‍ പൂട്ടിയിരുന്നു. നിക്ഷേപത്തുക രാഹുല്‍ ചക്രപാണിയുടെ അകൗണ്ടിലേക്ക് മാറ്റിയെന്നാണ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. നേരത്തെയും പല നിക്ഷേപത്തട്ടിപ്പ് കേസുകളില്‍ രാഹുല്‍ ചക്രപാണി അറസ്റ്റിലായിട്ടുണ്ട്.

Post a Comment
0 Comments