Type Here to Get Search Results !

Bottom Ad

കോടതി കമ്മീഷന് മുന്നില്‍ യുവതിയെ മധ്യവയസ്‌കന്‍ വെട്ടിപരിക്കേല്‍പ്പിച്ചു: അഭിഭാഷകരെയും മര്‍ദിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): സ്വത്തു തര്‍ക്കകേസില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോടതി കമ്മീഷന് മുന്നില്‍വച്ച് യുവതിയെ മധ്യവയസ്‌കന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കമ്മീഷന്‍ അംഗം ഉള്‍പ്പെടെ രണ്ട് അഭിഭാഷകരെ മര്‍ദിച്ചു. അക്രമാസക്തനായ മധ്യവയസ്‌കന്‍ മഴു വീശി പരാക്രമം കാട്ടി. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. പുല്ലൂര്‍ ഉദയനഗര്‍ പോസ്റ്റോഫീസിനു സമീപത്തെ കണ്ണന്റെ ഭാര്യ സുശീല(40)യ്ക്കാണ് വെട്ടേറ്റത്. അഭിഭാഷക കമ്മീഷനായ അഡ്വ. പി.എസ് ജുനൈദ്, അന്യായ ഭാഗം അഭിഭാഷകന്‍ ഷാജിദ് കമ്മാടം എന്നിവരെയാണ് വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പൊലീസ് രണ്ട് വധശ്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പുല്ലൂരിലാണ് സംഭവം. സഹോദരന്‍മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി കമ്മീഷനെ നിയോഗിച്ചത്. മഴുകൊണ്ട് വെട്ടേറ്റ സുശീലയെ ജില്ലാ ആസ്പത്രിയിലും അഭിഭാഷകരെ മാവുങ്കാലിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. ഉദയനഗറിലെ കുമാരനാണ് അക്രമം കാട്ടിയതെന്ന് അമ്പലത്തറ പൊലീസ് പറഞ്ഞു. കുമാരനും സഹോദരന്‍ കണ്ണനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കത്തിലാണ്. ഇത് സംബന്ധിച്ച് മുന്‍സിഫ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. വിചാരണയ്ക്കിടയിലാണ് കോടതി കമ്മീഷനെ നിയമിച്ചത്. ഇതനുസരിച്ചാണ് ഇന്നലെ അഭിഭാഷകര്‍ സ്ഥലത്തെത്തിയത്. സ്ഥലം പരിശോധിക്കുന്നതിനിടയില്‍ കുമാരന്‍ പരാക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടയിലാണ് മഴുകൊണ്ട് സുശീലയെ വെട്ടിയത്. വിവരരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുമാരന്‍ പ്രകോപിതനായതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ. എം.ടി.പി കരീം, ജനറല്‍ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad