മംഗളൂരു (www.evisionnews.in): ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ആരാധനാലയങ്ങളുടെ നേര്‍ച്ച പെട്ടികളില്‍ ഗര്‍ഭനിരോധന ഉറകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പുകളും നിക്ഷേപിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളിയിലെ ഉങ്കല്‍ സ്വദേശിയും കോട്ടേക്കറില്‍ താമസക്കാരനുമായ ദേവദാസ് ദേശായിയെ (62) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ദേവദാസിനെ ഭാര്യയും മകളും ഉപേക്ഷിച്ചതിന് ശേഷം 2006ല്‍ കോട്ടേക്കറില്‍ വീട് വാങ്ങി തനിച്ചായിരുന്നു താമസം. നേരത്തെ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ദേവദാസ് പിന്നീട് ഇത് മതിയാക്കി മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
മര്‍നാമിക്കട്ട കൊറഗജ്ജ കട്ടെ, ബാബുഗുഡ്ഡെ കൊറഗജ്ജ കട്ടെ ആരാധനാലയങ്ങളിലെ വഴിപാട് പെട്ടികളിലും കൊണ്ടാന ദൈവസ്ഥാനം, മംഗളാദേവി ക്ഷേത്രം, കദ്രി ക്ഷേത്രം തുടങ്ങിയവയുടെ വഴിപാട് പെട്ടികളിലും പമ്പ്വെല്ലിന് സമീപത്തെ കല്ലുര്‍ട്ടി ക്ഷേത്രം, മസ്ജിദിന്റെ വഴിപാട് പെട്ടി എന്നിവയുടെ വഴിപാട് പെട്ടികളിലും ഗര്‍ഭനിരോധന ഉറകളും പ്രകോപനപരമായ കുറിപ്പുകളും വെച്ചതായി ദേവദാസ് കുറ്റസമ്മതം നടത്തി. കല്ലപ്പു നാഗന കട്ടെ, കൊട്ടാര ചൗക്കിയിലെ കല്ലുര്‍ട്ടി ദൈവസ്ഥാനം, ഉര്‍വ മാരിഗുഡി ക്ഷേത്രം, കുത്തര്‍ കൊറഗജ്ജ കാട്ടെ, കുടുപു ദൈവസ്ഥാനം, ഉള്ളാള്‍ കൊറഗജ്ജ വഴിപാട് പെട്ടി, നന്ദിഗുഡ്ഡെ കൊറഗജ്ജ ഗുഡി എന്നിവിടങ്ങളിലയും വിവിധ ദര്‍ഗകളുടെയും വഴിപാട് പെട്ടികളിലും ഗര്‍ഭനിരോധന ഉറകള്‍ ഇയാള്‍ നിക്ഷേപിച്ചിരുന്നു. നാട്ടില്‍ മനുഷ്യര്‍ ആരോധിക്കുന്ന ദൈവങ്ങള്‍ക്ക് ഒരു ശക്തിയുമില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് വഴിപാട് പെട്ടികള്‍ അശുദ്ധമാക്കുന്ന പ്രവര്‍ത്തനത്തില്‍ താന്‍ ഏര്‍പ്പെട്ടതെന്ന് ദേവദാസ് പൊലീസിനോട് പറഞ്ഞു.
Post a Comment
0 Comments