കണ്ണൂര്‍ (www.evisionnews.in): ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും സമാന രംഗത്ത് കണ്ണൂര്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളം അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമേകുവാനുള്ള പരിശ്രമങ്ങള്‍ക്ക് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കിയാല്‍, കാനന്നൂര്‍ റോട്ടറി എന്നിവരുമായി സഹകരിച്ച് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അമേരിക്ക, യു എ ഇ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം രംഗത്ത് ശ്രദ്ധേയനായ ഡേവിഡ് ബൗച്ചര്‍ കേരളത്തിലെത്തുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. നിലവില്‍ യു എ ഇ യില്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടത്തപ്പെടുന്നത്.
കേരളത്തിന്റെ പ്രകൃതി ഭംഗീയുടേയും സാംസ്‌കാരിക പൈതൃകത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ ഇവിടത്തെ ചികിത്സാ മേഖലയുടെ ഉന്നത നിലവാരവും, കുറഞ്ഞ ചെലവും ലോകത്തിന്റെ ശ്രദ്ധയില്‍ എത്തേണ്ടതുണ്ട്, ഇത് കണ്ണൂര്‍ ഉള്‍പ്പെടുന്ന ഉത്തര കേരളത്തിന്റെ പൊതു ടൂറിസം മേഖലയ്ക്കും ഹെല്‍ത്ത് ടൂറിസത്തിനും ഗുണകരമാകും' എന്ന് അദ്ദേഹം പറഞ്ഞു. 'അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഉത്തര കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് പൊതുവെ കുറവാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മെഡിക്കല്‍ ജേര്‍ണലുകള്‍, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഹെല്‍ത്ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവരെ മലബാറിലേക്ക് നേരിട്ട് എത്തിക്കുകയും, ഇവിടത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡേവിഡ് ബൗച്ചറിന്റെ നിര്‍ദ്ദേശം പരിഗണിച്ച് കണ്ണൂര്‍-കാസര്‍കോട് ഉള്‍പ്പെടുന്ന ഉത്തര മലബാറിന്റെ പ്രകൃതി ഭംഗി, ചരിത്രപരമായ സവിശേഷതകള്‍, കാലാവസ്ഥ, ചെലവ് കുറഞ്ഞതും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിപാലനം, സാംസ്‌കാരിക മികവ്, പാരമ്പര്യ കലാമേഖലകള്‍, സവിശേഷമായ ഭക്ഷണ പാരമ്പര്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ടൂറിസം വികസന പ്ലാന്‍ തയാറാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള ആന്റ് ഒമാന്‍) പറഞ്ഞു, ഇത്തരം പദ്ധതികള്‍ പുരോഗമിക്കുന്നതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് അവരുടെ സാംസ്‌കാരികമായ സവിശേഷതകള്‍ക്കനുസരിച്ചുള്ള ആതിഥേയത്വ രീതികളില്‍ പരിശീലനം നല്‍കാനുള്ള നടപടികളും സ്വീകരിക്കും. ആശുപത്രികള്‍, ടൂറിസം സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുതലായവര്‍ക്കെല്ലാം ഇതിനാവശ്യമായ പരിശീലനം നല്‍കുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചീഫ് ഓഫ് സര്‍വീസ് എക്‌സലന്‍സ് ഡേവിഡ് ബൗച്ചര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ സിഎംഎസ് ഡോക്ടര്‍ സൂരജ് കെഎം, കേരള ടുറിസം ഡയറക്ടര്‍ പ്രശാന്ത് വാസുദേവ്, കേനന്നൂര്‍ റോട്ടറി ക്ലബ് സെക്രട്ടറി ഡോക്ടര്‍ ജോസഫ് ബെനെവന്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ പബ്ലിക് റിലേഷന്‍ ഹെഡ് നസീര്‍ അഹമ്മദ് സിപി, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എജിഎം ഓപ്പറേഷന്‍സ് വിവിന്‍ ജോര്‍ജ് പങ്കെടുത്തു.
Post a Comment
0 Comments