കാസര്‍കോട് (www.evisionnews.in): സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് കാസര്‍കോട് ശാഖയില്‍ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ ഡയമണ്ട്സ് വിഭാഗം മാനേജര്‍ അറസ്റ്റില്‍. മംഗളൂരു ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖിനെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
ഇന്നലെ രാത്രി കര്‍ണാടകയില്‍ നിന്നാണ് മുഹമ്മദ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ഫാറൂഖിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ രണ്ടാംപ്രതിയും മുഹമ്മദ് ഫാറൂഖിന്റെ സഹോദരനുമായ ഇമ്രാന്‍ ഷാഫി (36)യെ ഡിസംബര്‍ 11ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാന്‍ ഷാഫി ഇപ്പോള്‍ റിമാണ്ടിലാണ്.
ഇമ്രാനെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് വിധേയനാക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ജ്വല്ലറി എം.ഡി കുമ്പള സ്വദേശി അബ്ദുല്‍ റൗഫിന്റെ പരാതിയിലാണ് മുഹമ്മദ് ഫാറൂഖിനും ഇമ്രാന്‍ ഷാഫിക്കുമെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നത്.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഫാറൂഖ് ഒളിവില്‍ പോയി. ഫാറൂഖിനെ കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇതരസംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഫാറൂഖിന്റെ സഹോദരന്‍ ഇമ്രാന്‍ ഷാഫി പൊലീസ് പിടിയിലായത്. ജ്വല്ലറിയില്‍ നിന്ന് തട്ടിയെടുത്ത വജ്രവും സ്വര്‍ണവും ഫാറൂഖ് സഹോദരനെ ഏല്‍പ്പിച്ചതായി തെളിഞ്ഞതോടെയാണ് പൊലീസ് ഇമ്രാന്‍ ഷാഫിയെ കേസില്‍ രണ്ടാംപ്രതിയാക്കിയത്. ഇരുവരും അഞ്ച് ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ച് 50 ലക്ഷം രൂപ വായ്പയായി എടുത്തുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Post a Comment
0 Comments