കാസര്‍കോട് (www.evisionnews.co): ലോക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം. ക്ലാസ് മുറികളെക്കാളും കൗതുകം നല്‍കുന്ന ക്ലാസുകളാണ് വീട്ടിലെ മിനിസ്‌ക്രീനിലെത്തുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് 'അഭിനയമാക്കി' മാറ്റുകയാണ് പല കുട്ടികളും. അത്തരമൊരു പത്തു വയസുകാരന്റെ ഓണ്‍ലൈന്‍ ക്ലാസ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്.
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുബശിര്‍ ശഫാഫാണ് വീഡിയോയിലൂടെ താരമായ കൊച്ചുമിടുക്കന്‍. വീഡിയോ പുറത്തുവന്നു മണിക്കൂറുകള്‍ക്കകം നൂറുകണക്കിനാളുകളാണ് വീഡിയോ കണ്ട് കയ്യടിച്ചത്. ഒന്നാം ക്ലാസ് കുട്ടികള്‍ക്കായുള്ള മലയാളം ക്ലാസാണ് ശഫാഫ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ അക്ഷരങ്ങളും അതുമായി ബന്ധപ്പെട്ട വാക്കുകളും സാങ്കേതിക സഹായത്തോടെ മനോഹരമായി ശഫാഫ് അവതരിപ്പിക്കുന്നു. 'അ' മുതല്‍ 'ഊ' വരെയുള്ള ആറ് അക്ഷരങ്ങളാണ് ക്ലാസിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നത്. തൊട്ടുമുന്നില്‍ കുട്ടികള്‍ ഇരിക്കുന്നത് സങ്കല്‍പ്പിച്ച് ചോദ്യങ്ങള്‍ ചോദിച്ചും അവരെ അഭിനന്ദിച്ചും അവരുമായി കളിയിലേര്‍പ്പെട്ടും ഇരുപത് മിനുട്ട് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ഇതേ വിദ്യാലയത്തിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകനായ പിഐഎ ലത്തീഫിന്റെയും സറീനയുടെയും മകനാണ് ശഫാഫ്. തന്റെ കുട്ടികള്‍ക്കായി പിതാവ് വീട്ടില്‍വച്ച് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നത് കണ്ട് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മിടുക്കന്‍ ഓണ്‍ലൈന്‍ ക്ലാസുമായി രംഗത്തുവന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിയും ബ്ലോഗറുമായ സഹോദരന്‍ മുഹ്‌സിന്‍ ശരീഫ് മനോഹരമായി എഡിറ്റ് ചെയ്ത് ഒരുക്കുക കൂടി ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് അത് ഒരു ദൃശ്യവിരുന്നായി മാറുകയായിരുന്നു.
Post a Comment
0 Comments