Type Here to Get Search Results !

Bottom Ad

വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് ഒരു കുടുംബം ആശുപത്രിയില്‍: 16കാരി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയം


കാസര്‍കോട്: (www.evisionnews.co) വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച്് ഒരു കുടുംബം ആശുപത്രിയില്‍. 16കാരിയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് പ്രാഥമിക പരിശോധന റിപ്പോര്‍ട്ട്. കുട്ടിയുടെ സഹോദരനും മാതാപിതാക്കളും ആശുപത്രിയില്‍. പിതാവിന്റെ നില അതീവഗുരുതരം. ബളാലിലെ ബെന്നിയുടെ വീട്ടിലാണ് സംഭവം നടന്നത്. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി (16) ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് മരണപ്പെട്ടതെന്നാണ് ആദ്യവിവരം. അതിനിടെ ആന്‍ മേരിയുടെ മരണ ശേഷം കുട്ടിയുടെ കോവിഡ് പരിശോധനക്കായി സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയത്.

എന്നാല്‍ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ബെന്നിയുടെ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനം നിലക്കാവുന്ന ഘട്ടത്തിലാണ്. ഭാര്യ ബെസിയും മകന്‍ ആല്‍ബിനും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. 

നാലുദിവസം മുമ്പ് ബെന്നിയുടെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയതായി പറയപ്പെടുന്നു. ഇതിനായി വെള്ളരിക്കുണ്ടിലെ ഒരു ബേക്കറി കടയില്‍ നിന്നുമാണ് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഐസ്‌ക്രീം ഉണ്ടാക്കിയ അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഐസ്‌ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കുകുകയായിരുന്നു. സഹോദരന്‍ ആല്‍ബിനും മാതാവ് ബെസിയും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത്. 

ആദ്യ ദിവസം ഐസ്‌ക്രീം കഴിച്ചപ്പോള്‍ തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെതുടര്‍ന്ന് മഞ്ഞപ്പിത്തമെന്ന മഞ്ഞപ്പിത്തത്തിനുള്ള പച്ചമരുന്ന് ചികിത്സ നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചാണ് ആന്‍ മേരി മരണപ്പെട്ടത്. വെള്ളിയാഴ്ച ലഭിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad