കാസര്‍കോട് (www.evisionnews.co): കോവിഡ് വിതച്ച പ്രതിസന്ധിയില്‍ നിന്നും ഇനിയും വ്യാപാര മേഖല തരണം ചെയ്യാത്ത സാഹചര്യത്തില്‍ ആറു മാസത്തേക്കെങ്കിലും നിലവിലെ വാടകയില്‍ 50ശതമാനം കുറവ് വരുത്താന്‍ കെട്ടിട ഉടമകള്‍ തയാറാവണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്സ് യൂത്ത് വിങ്ങ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്്. പലരും കൂടുതല്‍ കടമെടുത്താണ് വ്യാപാരം മുന്നോട്ട് കൊണ്ടുപോവുന്നത്. ഈ അവസരത്തില്‍ ചിലവുകള്‍ ചുരുക്കാനുള്ള പറ്റാവുന്ന വഴികളൊക്കെ തേടുകയാണ് വ്യാപാരികള്‍.
ഈ ഘട്ടത്തില്‍ അടുത്ത ആറുമാസത്തേക്കെങ്കിലും നിലവിലെ വാടകയില്‍ 50ശതമാനത്തിന്റെ കുറവ് വരുത്താന്‍ കെട്ടിട ഉടമകള്‍ തയാറാവണം. കെട്ടിട ഉടമകളുടെ സഹകരണത്തോടുകൂടി മാത്രമേ ഇനിയും വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. കോവിഡിന്റെ ആദ്യഘട്ടത്തില്‍ ചുരുക്കം ചിലരൊഴിച്ചു പല കെട്ടിട ഉടമകളും രണ്ട് മാസത്തെ വാടക ഒഴിവാക്കിയിരുന്നു. ചില കെട്ടിട ഉടമകള്‍ മൂന്നു മാസത്തെ വാടക വരെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിസന്ധിയില്‍ ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കാസര്‍കോട് മര്‍ച്ചന്റ്സ് യൂത്ത് വിങ്ങ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments