കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് പരിശോധനക്കായി സ്രവം നല്‍കിയ കിനാനൂര്‍ കരിന്തളത്ത് പഴക്കടയിലെ ജീവനക്കാരന്‍ പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനെത്തി. വൈകിട്ട് പരിശോധനാഫലം പോസിറ്റീവായതോടെ നിസ്‌കാരത്തില്‍ പങ്കെടുത്ത 43പേരോട് ക്വാറന്റീനില്‍ പോകാനും കുടുംബാംഗങ്ങളോടു സ്വയം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നെല്ലിയടുക്കത്താണ് സംഭവം.
ചെറുവത്തൂരിലെ പഴക്കടയില്‍ ജോലി ചെയ്യുന്നയാള്‍ കഴിഞ്ഞ ദിവസമാണ് ചെറുവത്തൂര്‍ സിഎച്ച്സിയില്‍ സ്രവം പരിശോധനയ്ക്കു നല്‍കിയത്. സെന്റിനല്‍ സര്‍വെയുടെ ഭാഗമായാണ് സ്രവം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ പള്ളിയിലെത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുനടന്ന നിസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. വൈകിട്ടോടെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് ഇയാള്‍ക്ക് പോസിറ്റീവ് ആണെന്നറിഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ നിസ്‌കാരത്തില്‍ പങ്കെടുത്തിരുന്നതായി വ്യക്തമായി. ഇതോടെ പള്ളി അധികൃതരുമായി ബന്ധപ്പെട്ട് നിസ്‌കാരത്തില്‍ പങ്കെടുത്ത 43 പേരോടും ക്വാറന്റീനില്‍ പോകാനും ഇവരുടെ കുടുംബാംഗങ്ങളോട് സ്വയം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിക്കുകയായിരുന്നു.
Post a Comment
0 Comments