കാസര്‍കോട് (www.evisionnews.co): ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ 7.23നാണ് സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു.
ഇതേതുടര്‍ന്ന് മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി. 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റോബിന്‍ ജോസഫ്, പൈലറ്റ് ആനന്ദ് ജോണ്‍ എന്നിവര്‍ ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉടന്‍ തന്നെ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്രതിരിച്ചു. യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. യുവതിയോട് ഒപ്പം ഉണ്ടായിരുന്നവര്‍ വനിതാ നേഴ്‌സിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ നിന്ന് 108 ആംബുലന്‍സിലെ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ എസ് ശ്രീജ ആംബുലന്‍സില്‍ കയറി.
പയ്യന്നൂര്‍ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ശ്രീജ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ ആംബുലന്‍സ് റോഡ് വശത്ത് നിറുത്തിയ ശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരായ റോബിന്‍ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തില്‍ 8.23ന് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. ശേഷം പൈലറ്റ് ആനന്ദ് ജോണ്‍ ഉടന്‍ തന്നെ ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് യുവതി കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.
Post a Comment
0 Comments