ദേശീയം (www.evisionnews.co): പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകള്‍ക്ക് കരസേനയില്‍ വിലക്ക്. ആപ്പുകള്‍ ഈ മാസം പതിനഞ്ചിനകം സ്മാര്‍ട്ട് ഫോണില്‍ നിന്ന് നീക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. ചൈന, പാക് അതിര്‍ത്തികള്‍ അശാന്തമായി തുടരുന്നതിനിടെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.
രാജ്യസുരക്ഷ കണക്കിലെടുത്താണ് കരസേനയുടെ നടപടി. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിച്ച ചൈനീസ് ആപ്പുകള്‍ അടക്കമാണ് ഉദ്യോഗസ്ഥരും ജവാന്മാരും സ്മാര്‍ട് ഫോണുകളില്‍ നിന്ന് നീക്കേണ്ടത്. വിവരങ്ങള്‍ ചോരുന്നത് തടയാനെന്നാണ് വിശദീകരണം. അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആപ്പുകളും നിരോധിച്ചവയില്‍പ്പെടുന്നു. ഫേസ്ബുക്, ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ട്രൂകോളര്‍, സ്നാപ്ചാറ്റ്, ഷെയര്‍ഇറ്റ്, എക്സ് എന്റര്‍, ക്യാം സ്‌കാനര്‍, സൂം തുടങ്ങിയ ആപ്പുകള്‍ ഡിലീറ്റ് ചെയ്യണം.
15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും ഒഴിവാക്കണം. വാര്‍ത്ത ആപ്പുകളായ ന്യൂസ് ഡോഗിനും ഡെയ്ലി ഹണ്ടിനും നിരോധനം ഏര്‍പ്പെടുത്തി. ഹംഗാമ, സോംഗ്‌സ്.പികെ സംഗീത ആപ്പുകളും വിലക്കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്.
Post a Comment
0 Comments