കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇഎംഎല്‍ കമ്പനി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരുകളുടെ അനാസ്ഥ തുടരുകയും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
2016 ആഗസ്റ്റ് 12 നാണ് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീതെ സ്ഥാപനം കയ്യൊഴിയുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. പത്ത് മാസങ്ങള്‍ക്ക് ശേഷം 2017 ജൂണ്‍ 12ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥാപനം ഏറ്റെടുക്കാന്‍ തീരുമാനിച്ചു എങ്കിലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. തൊഴിലാളി യൂണിയനുകളുടെ നിരന്തര ആവശ്യപ്രകാരം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രണ്ട് വര്‍ഷമായി കാസര്‍കോട്ടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
കമ്പനി ഡയരക്ടര്‍ ബോര്‍ഡിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും മൗനത്തിലാണ്. 19 മാസമായി ശമ്പളം ലഭിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയ 180 ജീവനക്കാരുടെയും കുടുംബങ്ങളുടെയും 30 വര്‍ഷത്തിലധികം ജോലി ചെയ്ത് ശമ്പളവും ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ പോലും ലഭിക്കാതെ പിരിഞ്ഞ് പോകുന്ന ജീവനക്കാരുടെയും കണ്ണീര് കാണാന്‍ തൊഴിലാളി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലയെ മൊത്തം വിറ്റ് തുലക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായത്തെ ഏറ്റെടുക്കുവാനുള്ള തീരുമാനം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുകയാണ്. വര്‍ഷത്തില്‍ 5 കോടി രൂപ വരെ ലാഭമുണ്ടാക്കിയിരുന്ന കാസര്‍കോടിന്റെ അഭിമാനമായിരുന്ന കെല്‍ യൂണിറ്റിനെ ഏകപക്ഷീയമായ തീരുമാനപ്രകാരം ഭെല്ലിന് കൈമാറിയത്.
കഴിഞ്ഞ ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത് സി.ഐ.ടി.യു നേതാവ് കൂടിയായിരുന്ന വ്യവസായ മന്ത്രി എളമരം കരീമായിരുന്നു. ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സത്യാഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ അതിന് മുന്‍പ് സത്യാഗ്രഹ പ്രഹസനം നടത്തിയ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി. കരുണാകരന്‍ ഉച്ചയോടെ സത്യാഗ്രഹം അവസാനിപ്പിച്ചത് മുഖ്യമന്ത്രി ഇടപെടും എന്ന് പറഞ്ഞായിരുന്നു.
കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിച്ച കൈമാറ്റ കരാര്‍ നടപ്പിലാക്കി സ്ഥാപനത്തെ രക്ഷിക്കുവാനുള്ള ബാധ്യത ഇരു സര്‍ക്കാരുകള്‍ക്കുമുണ്ട്. ഉടമസ്ഥനാരെന്നറിയാതെ, നാഥനില്ലാതെ ഒരു വന്‍കിട വ്യവസായ സ്ഥാപനം നശിച്ച് കൊണ്ടിരിക്കുകയാണ്. ചികിത്സക്ക് പോലും പണമില്ലാതെ മരണം മുഖാമുഖം കാണുന്ന ജീവനക്കാരുടെയും, പണമില്ലാതെ വിദ്യഭ്യാസംമുടങ്ങുന്ന ജീവനക്കാരുടെ മക്കളുടെയും വിലാപം കണ്ടില്ലെന്ന് നടിക്കാനാവില്ല. സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സംരക്ഷണത്തിന് വര്‍ഷങ്ങളായി എസ്.ടി.യു സമരമുഖത്താണുള്ളത്.
തൊഴിലാളികളെ ബാധിക്കുന്ന അതിപ്രധാന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച് സി.പി.എം മൗനം മതിയാക്കി നിലപാട് വ്യക്തമാക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments