Type Here to Get Search Results !

Bottom Ad

നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കിയില്ല: കോവിഡ് ഭേദമായ കുടുംബം ദുരിതാശ്വാസത്തിലേക്ക് ഒരു ലക്ഷം രൂപ നല്‍കി


കാസര്‍കോട് (www.evisionnews.co): നന്ദിയും കടപ്പാടും വാക്കുകളിലൊതുക്കാതെ കൊവിഡ് ഭേദമായ എരിയാലിലെ ഉമ്മത്ത് കുടുംബം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു ലക്ഷം രൂപ. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുഖേന ചെക്ക് കൈമാറി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ പ്രദേശത്തെ ഈ കുടുംബത്തിലെ ആറു പേര്‍ക്കാണ് ഒന്നിനു പിറകെ ഒന്നായി കൊവിഡ് 19 സ്ഥിരീകരിച്ചത്.

മാര്‍ച്ച് 16ന് ദുബൈയില്‍ നിന്ന് വന്ന അലി അസ്‌കറിന് 21നാണ് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27ന് ഇദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത് സഹ്സിയക്കും പിന്നീട് അലി അസ്‌കറിന്റെ മാതാവിനും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിന് അലി അസ്‌കറിന്റെ ജേഷ്ഠന്റെ ഭാര്യ ജസീലയ്ക്കും പിന്നീട് ഏപ്രില്‍ ഏഴിന് ജസീലയുടെ എട്ടും പത്തും വയസ്സുള്ള രണ്ട് പെണ്‍ മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികില്‍സയ്ക്കായി മാറ്റിയത്. അടുത്ത ബന്ധുക്കളുടെ ഉള്‍പ്പെടെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും ഐസൊലേറ്റ് ചെയ്തിരുന്നു.

കുടുംബ ട്രസ്റ്റായ ഉമ്മത്ത് ഫൗണ്ടേഷന്റെ വകയായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ജില്ലയിലെ ആവശ്യത്തിനായി സാനിറ്റൈസറും നല്‍കിയത്. ഇതുകൂടാതെ നാട്ടിലെ ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിതരണം ചെയ്തു. ജില്ലയിലെ കൊവിഡ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിന്റെ നിയന്ത്രണവുമായി സഹകരിക്കുന്ന ജനങ്ങള്‍ തുടങ്ങി എല്ലാവരോടും ഈ കുടുംബം നന്ദി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad