Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിതനായ ബന്ധുവിനെ അതിര്‍ത്തി കടത്തിയ ശേഷം സിപിഎം നേതാവ് വ്യാജ പാസും നിര്‍മിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിതനായ മുംബൈയില്‍ നിന്നെത്തിയ ബന്ധുവിനെ ഒളിച്ചുകടത്തിയ സിപിഎം നേതാവിനും കോവിഡ് ബാധ. ബന്ധുവിനെ അതിര്‍ത്തി കടത്തിയ ശേഷം സിപിഎം നേതാവ് വ്യാജ പാസും നിര്‍മിച്ചതായും വിവരം. 
ഇന്നലെയാണ് പൈവളിഗെയിലെ സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചത്. അതിര്‍ത്തി പഞ്ചായത്തിലെ വാര്‍ഡ് അംഗം കൂടിയായി ഇയാളുടെ ഭാര്യയ് (35)ക്കും പതിനൊന്നും എട്ടും വയസുള്ള മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് നാലിന് മുംബൈയില്‍ നിന്നെത്തിയ പൈവളികെ സ്വദേശിയെ തലപ്പാടിയില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ കൂട്ടിക്കൊണ്ടുപോയത് സിപിഎം നേതാവായിരുന്നു. ഭാര്യയും കാറില്‍ കൂടെയുണ്ടായിരുന്നു. കൊറോണ പ്രതിരോധ സെല്ലില്‍ അറിയിക്കാതെയാണ് നാട്ടിലെത്തിച്ചത്. സിപിഎം നേതാവിന്റെ ഭാര്യ സഹോദരന്‍ കൂടിയാണ് മുംബൈയില്‍ തട്ടുകട കച്ചവടക്കാരനായ പൈവളികെ സ്വദേശി. മുംബൈയില്‍ കോവിഡ് രോഗികള്‍ ഏറെയുള്ള പ്രദേശത്ത് നിന്നും ചരക്കുലോറിയിലാണ് ഇയാള്‍ തലപ്പാടിയിലെത്തിയത്. ഇക്കാര്യം അറിഞ്ഞിട്ടും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കാതെ തന്റെ കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു സിപിഎം നേതാവും പഞ്ചായത്തംഗം കൂടിയായ ഭാര്യയും. 

വീട്ടിലെത്തിയ ശേഷം രോഗ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെയാണ് ആസ്പത്രിയിലെത്തിയത്. 11ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ സിപിഎം നേതാവിനും ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്. 

രോഗ ബാധിതനായ വ്യക്തിയോട് സമ്പര്‍ക്കം പുലര്‍ത്തിയ സിപിഎം നേതാവ് വിവരം മറച്ചുവെച്ച് കാഞ്ഞങ്ങാട് വരെ സഞ്ചരിച്ചതായാണ് വിവരം. നാലു ദിവസത്തിനകം മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആസ്പത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. ഇന്നലെ ജില്ലാ ആസ്പത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 12നാണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. 

പൈവളികെ സ്വദേശിയെ അതിര്‍ത്തി കടത്തുന്നതിനായി സിപിഎം നേതാവ് വ്യാജപാസ് നിര്‍മിച്ചതായും വിവരമുണ്ട്. രോഗ ബാധിത പ്രദേശത്ത് നിന്നെത്തിയതാണെന്നറഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതെയാണ് പഞ്ചായത്തംഗം കൂടിയായ നേതാവിന്റെ ഭാര്യ അനധികൃത കടത്തിന് കൂട്ടുനിന്നതെന്നാണ് ആരോപണം. മാത്രമാല്ല, സംഭവത്തിന് ശേഷം ഇവര്‍ പഞ്ചായത്തില്‍ എത്തിയിരുന്നതായും വിവരമുണ്ട്. വ്യാഴാഴ്ച ജില്ലയില്‍ പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  


Post a Comment

0 Comments

Top Post Ad

Below Post Ad