Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെല്‍ഫ് അസെസ്‌മെന്റ് കിറ്റുകള്‍ വാങ്ങും

കാസര്‍കോട് (www.evisionnews.co): കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമോദനം ലഭിച്ച കാസര്‍കോട് ജില്ലയുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ 'സെല്‍ഫ് അസെസ്‌മെന്റ് കിറ്റുകള്‍' വാങ്ങാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തും ട്രിപ്പില്‍ ലോക്ക് ചെയ്യപ്പെട്ട ഗ്രാമ പഞ്ചായത്തുകളും സംയുക്ത പദ്ധതിയായിട്ടാണ് ഇത് നടപ്പിലാക്കുക. സെല്‍ഫ് അസെസ്‌മെന്റ് കിറ്റ് എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ക്ക് സ്വന്തമായി തന്നെ കോവിഡ് 19 രോഗം പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ വളരെ പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാന്‍ കഴിയും. സമൂഹ വ്യാപനം തടയാന്‍ ഇതിലൂടെ സാധിക്കും.

മംഗലാപുരത്ത് ഡയാലിസിസ് ചെയ്യാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ ഉള്‍പ്പടെ ജില്ലയിലെ മുഴുവന്‍ വൃക്ക രോഗികളുടെയും ഡയാലിസിസ് ചാര്‍ജ് ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ ജില്ലാ പഞ്ചായത്ത് വഹിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി 15 ലക്ഷം രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു.

ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമോദനം ലഭിക്കാന്‍ ജില്ലയിലെ ആരോഗ്യ മേഖലയെ മാതൃകാ പരമായ പ്രവര്‍ത്തനത്തിലൂടെ പ്രാപ്തരാക്കിയ ജില്ലയിലെയും അതുപോലെ സേവനത്തിനായി മറ്റു ജില്ലകളില്‍ നിന്നും വന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാ ഭരണകൂടം, പൊലീസ് ഉദ്യോഗസ്ഥര്‍, മുഴുവന്‍ നിയന്ത്രണങ്ങളും കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ജില്ലയിലെ പൊതുജനങ്ങള്‍, സന്നദ്ധ സേവനത്തിലേര്‍പ്പെട്ട മുഴുവന്‍ സംഘടനകള്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളെയും ഭരണസമിതി യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ. എ.പി ഉഷ, മെമ്പര്‍മാരായ ഡോ. വി.പി.പി മുസ്തഫ, അഡ്വ. കെ. ശ്രീകാന്ത്, ഇ. പത്മാവതി, മുംതാസ് സമീറ, ജോസ് പതാലില്‍, പി.സി സുബൈദ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad