
മഞ്ചേശ്വരം (www.evisionnews.co): ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി ഗേറ്റ് അടച്ചതുമൂലം ദുരിതം അനുഭവിച്ചിരുന്ന അതിര്‍ത്തിയിലെ 700 കുടുംബങ്ങള്‍ക്ക് എംസി ഖമറുദ്ദീന്‍ എംഎല്‍എയുടെ ഇടപെടല്‍ മൂലം താല്‍ക്കാലിക പരിഹാരമായി. ജില്ലയിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നതും അയല്‍ സംസ്ഥാനമായ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന എന്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ഏകദേശം എഴുന്നൂറോളം കുടുംബങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടത്.
കോവിഡ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അതിര്‍ത്തിയിലെ സാറഡുക്ക ഗേറ്റ് പൂര്‍ണമായും അടച്ചത്. ഇതുമൂലം പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ ദിവസം തള്ളിനീക്കുന്നത്. എന്‍മകജെ പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ സായ, ചവര്‍ക്കാട്, കുളിര്‍ഗയ തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്. കര്‍ഷകരും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തുകാര്‍ ഏതൊരു ആവശ്യത്തിനും പെര്‍ള ടൗണിനേയാണ് ആശ്രയിക്കേണ്ടത്.
പഞ്ചായത്ത് ഓഫീസ്, വില്ലേജ്, കെഎസ്ഇബി, കൃഷി ഓഫീസ്, റേഷന്‍ ഷോപ്പ്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നുവേണ്ട സര്‍ക്കാര്‍ ഓഫീസുകളെല്ലാം സ്ഥിതിചെയ്യുന്നത് പെര്‍ളയിലാണ്. ഇവിടത്തുകാര്‍ക്ക് ഇവിടെ എത്തണമെങ്കില്‍ നിലവില്‍ അടച്ചിട്ട സാറടുക്ക ഗേറ്റ് വഴിവേണം യാത്രചെയ്യാന്‍. ഇവിടത്തെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കിയ പഞ്ചായത്തംഗങ്ങളായ ഐത്തപ്പ കുലാല്‍, ജയശ്രീ കുലാല്‍ എന്നിവര്‍ സ്ഥലം എംഎല്‍എയായ ഖമറുദ്ദീനെ നേരില്‍ ബന്ധപ്പെട്ട് നടത്തിയ ശ്രമഫലമായി പ്രദേശത്തുകാരുടെ സൗകര്യാര്‍ത്ഥം ആഴ്ചയില്‍ ബുധന്‍, ശനി എന്നീ രണ്ട് ദിവസം കുളിര്‍ഗയ കുടുംബക്ഷേമ ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ പെര്‍ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനം അനുഷ്ടിക്കുന്ന ഡോ. ദീപാരാജ് രോഗികളെ പരിശോധിക്കുന്നതിനുള്ള സംവിധാനം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ ഏര്‍പ്പെടുത്തി. അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലവില്‍ അഡ്ക്കസ്ഥലയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി 64-ാം നമ്പര്‍ റേഷന്‍ഷോപ്പ് ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിച്ച് പ്രദേശവാസികളുടെ സൗകര്യര്‍തഥം മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായി പഞ്ചായത്തംഗം ഐത്തപ്പ കുലാല്‍ പറഞ്ഞു.
Post a Comment
0 Comments